ഏഴാം ലോകകപ്പിന് ദക്ഷിണ കൊറിയയുടെ ഹോങ് മ്യൂങ്-ബോ

കളിക്കാരനായും കോച്ചായും ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ലോകകപ്പിനെത്തുന്ന താരം

ദക്ഷിണ കൊറിയക്ക് ഇനി ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ ഭയമില്ലെന്ന് മുഖ്യപരിശീലകന്‍ ഹോങ് മ്യൂങ്-ബോ. ചരിത്രനേട്ടത്തോടെ ലോകകപ്പിനെത്തുന്നതിനിടെയാണ് ഹോങ് മ്യൂങ്-ബോയുടെ ആത്മവിശ്വാസം. 57-കാരനായ ഹോങ് മ്യൂങ്-ബോ, 1990 മുതല്‍ 2002 വരെ തുടര്‍ച്ചയായ നാല് ലോകകപ്പുകളില്‍ ദക്ഷിണ കൊറിയയെ പ്രതിനിധീകരിച്ചിരുന്നു. പിന്നീട് 2006 ലോകകപ്പില്‍ ടീമിന്റെ സഹപരിശീലകനാവുകയും 2014ല്‍ മുഖ്യപരിശീലകനായി ടീമിനൊപ്പമെത്തുകയും ചെയ്തു. ശേഷം പരിശീലക സ്ഥാനം നഷ്ടപ്പെട്ട ഹോങ് മ്യൂങ്-ബോ 2024 മുതല്‍ വീണ്ടും കോച്ചിന്റെ കുപ്പായമണിഞ്ഞു. ഇത്തവണ മികച്ച നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയോടെയാണ് ടീം എത്തുന്നത്.

കൊറിയന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍, ലോകകപ്പിനെ അടയാളപ്പെടുത്തിയ താരം കൂടിയാണ് ഹോങ് മ്യൂങ്-ബോ. ഏഴാം ലോകകപ്പില്‍ കളിക്കാരനായോ കോച്ചായോ എത്തുന്നതോടെ ബ്രസീലിയന്‍ ഇതിഹാസ താരം മാരിയോ സഗാല്ലോയുടെ റെക്കോഡ് മറികടക്കും.

ടീം എന്ന നിലയില്‍ ലോകകപ്പിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഹോങ് മ്യൂങ്-ബോ പറയുന്നു. 2002 ലോകകപ്പ് കൊറിയക്കാര്‍ക്ക് സവിശേഷമായിരുന്നുവെന്നും രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു കളിക്കാരനെന്ന നിലയില്‍ രാജ്യത്തിനുവേണ്ടി സംഭാവന ചെയ്യാനായതില്‍ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ ദക്ഷിണ കൊറിയന്‍ താരങ്ങള്‍ ധാരാളമായി കളിക്കുന്നത് നേട്ടമാണെന്നും ഇത് ലോക വേദികളില്‍ താരങ്ങള്‍ക്കുണ്ടാക്കുന്ന ഭയമില്ലാതാക്കെയന്നും അദ്ദേഹം പറഞ്ഞു.

content highlights: South Korea's Hong Myung-bo gears up for his seventh World Cup

To advertise here,contact us