മെസ്സിപ്പട തയ്യാർ; ലോകം കാത്തിരിക്കുന്നു, വീണ്ടും ആ മാജിക്കിനായി

മെസ്സി മെനയുന്ന തന്ത്രങ്ങൾ വലയിൽ അവസാനിപ്പിക്കാൻ സ്‌ട്രൈക്കർമാരായി യുവതാരം ജൂലിയൻ അൽവാരസും ലൗട്ടാറോ മാർട്ടിനസുമുണ്ട്

നാല് വർഷം മുൻപ് ഖത്തറിൽ കൈകളിലും ഹൃദയത്തിലും ആവാഹിച്ച ആ സുവർണ കിരീടം മറ്റാർക്കും വിട്ടുകൊടുക്കാതിരിക്കാൻ കാൽപന്തുകളിയുടെ വിശ്വവേദിയിലേക്ക് അർജന്റീന വരികയാണ്. ഇക്കുറി കിരീടം കയ്യിൽ വെച്ചാണ് പോര്. ഇതിഹാസതാരം ലയണൽ മെസ്സി തന്നെ നായകൻ. കഴിഞ്ഞ തവണ ലോകകിരീടം ഉയർത്തിയ ടീമിലെ ബഹുഭൂരിഭാഗം പേരും നായകന് പിന്നിലുണ്ട്. ലക്ഷ്യം തുടർച്ചയായ രണ്ടാം കിരീടം തന്നെ.

ആറാം ലോകകപ്പാണ് ക്യാപ്റ്റൻ ലയണൽ മെസ്സിക്കിത്. 2014ൽ കയ്യെത്തും ദൂരത്ത് ഫൈനലിൽ നഷ്ടമായി പോയതാണ് കിരീടം. 2018ൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന സെമി പോലും കാണാതെ പുറത്തായ ശേഷം, 2022ൽ ഖത്തറിൽ അവിശ്വസനീയ കുതിപ്പിലൂടെ കിരീടം നേടിയാണ്, പതിറ്റാണ്ടുകളായുള്ള ആരാധകരുടെ കാത്തിരിപ്പ് മെസ്സിയും സംഘവും അവസാനിപ്പിച്ചത്. കഴിഞ്ഞതവണ ടീമിനെ മുന്നിൽ നിന്ന് നയിച്ചത് ക്യാപ്റ്റൻ മെസ്സി തന്നെയായിരുന്നു. ആദ്യ മത്സരം തോറ്റ ശേഷം ആരാധകർക്ക് നൽകിയ വാക്ക് പാലിക്കാനായി, മെസ്സിക്കായി എന്തും ചെയ്യാൻ തയ്യാറായാണ് യുവനിര ഒന്നാകെ പോരിനിറങ്ങിയത്.. ഇത്തവണയും കോച്ച് ലയണൽ സ്കലോണി അവരെ വിശ്വസിക്കുകയാണ്.

മെസ്സി മെനയുന്ന തന്ത്രങ്ങൾ വലയിൽ അവസാനിപ്പിക്കാൻ സ്‌ട്രൈക്കർമാരായി യുവതാരം ജൂലിയൻ അൽവാരസും ലൗട്ടാറോ മാർട്ടിനസുമുണ്ട്. തിയാഗോ അൽമാഡ, നിക്കോ പാസ് എന്നിവരും മുന്നേറ്റനിരയിലുണ്ട്. പൗലോ ഡിബാല ടീമിലില്ല. അത്ലറ്റികോ മാഡ്രിഡ് താരങ്ങളായ നികോളാസ് ഗോൺസാലസ്, സിമിയോണെ എന്നിവരും പാമിറാസ് താരമായ ജോസ് മാനുവൽ ലോപ്പസും പകരക്കാരാകും.. പൌലോ ഡിബാല ടീമിലില്ല. ശക്തമായ മധ്യനിരയാണ് അർജന്റീനയുടേത്. കഴിഞ്ഞ ലോകകപ്പിൽ തിളങ്ങിയ ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡിപോൾ, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക് അലിസ്റ്റർ, ജിയോവാനി ലോ സെൽസോ എന്നിവരെയെല്ലാം സ്‌കലോണി ഉൾപ്പെടുത്തി. എസിക്വേൽ പലാസിയോസ്. യുവതാരം വാലന്റീൻ ബാർകോ എന്നിവരും ടീമിലെത്തി. എന്നാൽറയൽ മഡ്രിഡിന്റെ യുവതാരം ഫ്രാങ്കോ മസ്റ്റാന്റുവാനോയ്ക്ക് ഇടംകിട്ടിയില്ല.

പ്രതിരോധക്കോട്ടയും വിശ്വസ്തരാൽ സമ്പന്നമാണ്. ക്രിസ്റ്റിയൻ റൊമേറോ, ഗോൺസാലോ മൊൺടിയേൽ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ഒട്ടാമെൻഡി, നഹ്വേൽ മൊളീന, നികോളാസ് തഗ്ളിഫിയാകോ, എന്നിവർക്കൊപ്പം ലിയോനാർഡോ ബലേർഡി, ഫകുണ്ടോ മെഡീന എന്നിവരും പിൻനിരയിലുണ്ട്. ഗോൾവല കാക്കാൻ ഒന്നാം നമ്പറായി എമിലിയാനോ മാർട്ടിനസ് തന്നെയാകും ഉണ്ടാകുക. ജെറോണിമോ റുള്ളി, ജുവാൻ മൂസ്സോ എന്നിവരാണ് മറ്റ് ഗോൾകീപ്പർമാർ. ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീന. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളാണ് ഗ്രൂപ്പിലെ എതിരാളികൾ. ജൂൺ പതിനേഴിന് അൾജീരിയക്കെതിരെയാണ് ആദ്യ പോരാട്ടം. ജൂൺ ഇരുപത്തിരണ്ടിന് ഓസ്ട്രിയക്കും ജൂൺ ഇരുപത്തിയെട്ടിന് ജോർദാനും എതിരെയാണ് മറ്റ് ഗ്രൂപ്പ് മത്സരങ്ങൾ.

Content Highlights: Football legend Lionel Messi is set to represent Argentina in his sixth FIFA World Cup, creating history in international football

To advertise here,contact us