ഏറെ ആവേശത്തോടെയാണ് നെയ്മറിന്റെ പേര് ഫുട്ബോള്‍ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത് ആരാധകര്‍ വരവേറ്റത്. ഒരുപക്ഷെ, ടീമില്‍ ഉണ്ടാകില്ലേയെന്ന ആശങ്ക അവസാനിച്ചതും അപ്പോഴാണ്, പ്രഖ്യാപന സമയത്ത്. ആ നേരം നെയ്മര്‍ പോലും കണ്ണീരണിഞ്ഞ കാഴ്ച ഫുട്ബോള്‍ ലോകത്ത് വൈറലായി. പക്ഷെ, പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നെയ്മറിന്റെ പരിക്കാണ് പ്രധാന വാര്‍ത്ത. കാലിലെ കണങ്കാല് പേശിക്കേറ്റ പരിക്കാണ് നെയ്മറിന് വിനയാകുന്നത്. പക്ഷെ, പരിക്കില്‍ ആശങ്ക വേണ്ടെന്നാണ് സാന്റോസ് ക്ലബ്ബിന്റെ വിശദീകരണം. പരിക്ക് ഭേദപ്പെട്ട് താരത്തിന് അടുത്തയാഴ്ച ടീമിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷ.
പരിക്ക് നെയ്മറിന്റെ കരിയറില്‍ ഒട്ടേറെത്തവണ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. പലപ്പോഴും മത്സരങ്ങള്‍ നഷ്ടമായതും തിരിച്ചടിയായി. പരിക്ക് ഭേദപ്പെടാത്തത് താരത്തിന്റെ കരിയറിനെ ബാധിച്ചു. താരത്തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് പരിക്കുകള്‍ വില്ലനായത്. പരിക്ക് മുലം നെയ്മറിന് കരിയറില്‍ 1576 ദിവസമാണ് കളിക്കാന്‍ കഴിയാതിരുന്നത്. പലകാലങ്ങളിലായുള്ള കണക്കാണ് ഇത്. 46 പരിക്കുകളാണ് ഇതുവരെ അദ്ദേഹത്തിനുണ്ടായത്. 2013-14 സീസണ് മുതലിങ്ങോട്ടുള്ള പരിക്കുകളാണിത്. ക്ലബ്ബിനും രാജ്യത്തിനുമായി 277 മത്സരങ്ങളാണ് പരിക്ക് മൂലം ഇക്കാലത്തിനിടയ്ക്ക് അദ്ദേഹത്തിന് നഷ്ടമായത്. ബ്രസീലിന് പുറമെ, ബാഴ്സലോണ, പിഎസ്ജി, അല്‍ ഹിലാല്‍, സാന്റോസ് ടീമുകള്‍ക്കുവേണ്ടിയുള്ള മത്സരങ്ങളാണ് അദ്ദേഹത്തിന് നഷ്ടമായത്.
അമേരിക്കല്‍ ഭൂഖണ്ഡത്തില്‍ ഫുട്ബോള്‍ ലോകകപ്പിന് വിസിലുയരുമ്പോള്‍ ബ്രസീല്‍ സംഘത്തില്‍ നെയ്മറുണ്ടാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ബ്രസീല്‍ ഫുട്ബോള്‍ പ്രേമികളെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്നത് നെയ്മര്‍ ഉണ്ടാകില്ലേ എന്ന ചോദ്യമാണ്. എന്നാല്‍ ജൂണില്‍ ആരംഭിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ കോച്ച് കാര്‍ലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചപ്പോള്‍ അതില്‍ 34-കാരനായ നെയ്മര്‍ ഉള്‍പ്പെട്ടു. ഇതോടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായി. നെയ്മറിന്റെ ഫിറ്റ്നസിനെച്ചൊല്ലി നിരീക്ഷകര്ക്കിടയില് സംശയങ്ങള്‍ നിലനിന്നിരുന്നെങ്കിലും താരത്തിന്റെ അനുഭവസമ്പത്തിലും കളിമിടുക്കിലും കോച്ച് കാര്‍ലോ ആഞ്ചലോട്ടി വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്മര്‍, 2023 ഒക്ടോബറിലുണ്ടായ പരിക്കിന് ശേഷം പൂര്‍ണ കായികക്ഷമത തിരിച്ചുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയായിരുന്നു. പിഎസ്ജിയിലായിരുന്ന താരം 2023ല്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലിലേക്ക് ചുവടുമാറുകയും പിന്നീട് കഴിഞ്ഞവര്‍ഷം ബ്രസീലിലെ സാന്റോസ് ക്ലബ്ബിലേക്ക് തിരികെപ്പോകുകയും ചെയ്തിരുന്നു. 2014, 20218, 2022 ലോകകപ്പുകളില്‍ കളിച്ച നെയ്മര്‍ ആദ്യ ലോകകപ്പില്‍ നാലുഗോളടിച്ചിരുന്നു.
content highlights: Neymar injured; Santos Club says there is no need to panic