അരികെ അമേരിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പ്; പരിക്കില്‍ വലഞ്ഞ് ബ്രസീല്‍

മിലിറ്റാവോ, റോഡ്രിഗോ എന്നിവര്‍ക്ക് ലോകകപ്പ് നഷ്ടമാകും, നെയ്മര്‍ കളിക്കുമോ എന്ന് ആരാധകര്‍

2002ലാണ് അവസാനമായി കാനറികള്‍ ഫുട്‌ബോള്‍ ലോക കിരീടം ചൂടിയത്. അന്ന് ആരെയും വെല്ലുന്ന മികച്ച സംഘമായിരുന്നു ബ്രസീലിന്റെ കരുത്ത്. കഫു നയിച്ച സംഘത്തില്‍ റോബര്‍ട്ടോ കാര്‍ലോസും റൊണാള്‍ഡിന്യോയും റിവാള്‍ഡോയും റൊണാള്‍ഡോയും ഉള്‍പ്പെടുന്ന കരുത്തുറ്റ നിരയാണ് ജര്‍മനിയെ എതിരില്ലാത്ത രണ്ടുഗോളിന് കീഴടക്കിയത്. അതിനുശേഷം പിന്നീട് ഒരു ലോകകപ്പ് കിരീടം പോലും നേടാനായിട്ടില്ല അഞ്ചുവട്ടം ജേതാക്കളായ ബ്രസീലിന്.

ഈവര്‍ഷം കിരീട പ്രതീക്ഷയോടെയാണ് ടീം എത്തുന്നതെങ്കിലും ബ്രസീലിന് തലവേദനയാകുന്നത് താരങ്ങളുടെ പരിക്കാണ്. മുന്നേറ്റതാരം റോഡ്രിഗോ പരിക്കേറ്റ് പുറത്താണ്. കാല്‍മുട്ടിന് പൊട്ടലുണ്ടായതാണ് താരത്തിന് തിരിച്ചടിയായത്. ഈവര്‍ഷം അവസാനത്തോടെ മാത്രമേ താരം ഇനി കളിക്കളത്തിലേക്കെത്തൂ എന്നാണ് റിപ്പോര്‍ട്ട്. താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നുറപ്പ്. പ്രതിരോധത്തിലെ വിശ്വസ്തന്‍ ഏഡെര്‍ മിലിറ്റാവോയ്ക്കും ലോകകപ്പ് ഫുട്ബോള്‍ നഷ്ടമാകും. സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ കഴിഞ്ഞയാഴ്ച അലാവെസിനെതിരായ മത്സരത്തിനിടെയാണ് മിലിറ്റാവോയ്ക്ക് പേശിവലിവുണ്ടായത്. പരിക്ക് ഗുരുതരമാണെന്ന കണ്ടെത്തലിന് പിന്നാലെ താരം ചികിത്സ തേടി. ഇതോടെ ലോകകപ്പ് നഷ്ടമാകുമെന്നുറപ്പായി. ഭാവിവാഗ്ദാനമായി അറിയപ്പെടുന്ന പത്തൊമ്പതുകാരന്‍ വിങ്ങര്‍ എസ്താവായോയും പരിക്കിന്റെ പിടിയിലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തിലാണ് ചെല്‍സി താരമായ എസ്താവായോക്ക് പരിക്കേറ്റത്. ഈമാസം 18നാണ് താരം ചികിത്സതേടി പോയത്. വലതുവിങ്ങറുടെ അഭാവം ബ്രസീലിന് തിരിച്ചടിയാകുമെന്നുറപ്പ്.

നെയ്മറുടെ കാര്യവും അത്ര പന്തിയല്ല എന്നതാണ് ബ്രസീല്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. പരിക്ക് മാറിയെങ്കിലും ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുക്കാന്‍ പാടുപെടുകയാണ് താരം. 2010 മുതല്‍ ബ്രസീല്‍ ടീമിലുള്ള താരം 128 മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 79 ഗോളുമടിച്ചു. നിലവില്‍ സാന്റോസിലാണ് താരം കളിക്കുന്നത്. സൗദി ക്ലബ്ബ് അല്‍ ഹിലാലിലായിരുന്ന താരം 2025ലാണ് ബ്രസീലിയന്‍ ടീമിലേക്ക് ചുവടുമാറിയത്. അവസാന മൂന്ന് പതിപ്പിലും ടീമിന്റെ പ്രധാനതാരമായിരുന്നു നെയ്മര്‍. 13 മത്സരങ്ങളില്‍ എട്ട് ഗോളുമുണ്ട്. പരിക്കിനെ തുടര്‍ന്ന് ഖത്തറില്‍ ആദ്യ മത്സരങ്ങളില്‍ പുറത്തായിരുന്നു. മെയ് 11നാണ് ലോകകപ്പിനുള്ള സാധ്യതാ ടീമിന്റെ പട്ടിക സമര്‍പ്പിക്കേണ്ടത്. ജൂണ്‍ ഒന്നാണ് 26 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന ദിനം. അതിന് മുമ്പ് താരങ്ങളെ സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീല്‍.ജൂണ്‍ 11ന് തുടങ്ങുന്ന ലോകകപ്പില്‍ 14ന് മൊറോക്കോയുമായാണ് ബ്രസീലിന്റെ ആദ്യ കളി. 20ന് ഹെയ്ത്തിയെയും 25ന് സ്‌കോട്ലന്‍ഡിനെയും നേരിടും.

content highlights: us world cup: Brazil struggling with major injury crisis

To advertise here,contact us