യുവേഫ ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡ് ഇന്ന് കളത്തിൽ

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബയേണ്‍ മ്യുണിക്ക് - റയല്‍ മാഡ്രിഡ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ പോരാട്ടം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബയേണ്‍ മ്യുണിക്ക് - റയല്‍ മാഡ്രിഡ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ പോരാട്ടം. ഒരുഗോളിന്റെ കടവുമായാണ് ജര്‍മ്മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെതിരെ അവരുടെ തട്ടകത്തിൽ റയൽ മാഡ്രിഡ് ഇറങ്ങുന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ബയേണ്‍ തങ്ങളുടെ വിജയം ആഘോഷിച്ചത്. ആദ്യ പാദ മത്സരത്തിൽ ഹാരി കെയ്‌ന്റെയും ലൂയിസ് ഡിയാസിന്റെയും ഗോളുകള്‍ക്ക് റയൽ ഏകമറുപടി നൽകിയത് കിലിയന്‍ എംബാപ്പേയിലൂടെയായിരുന്നു.

അവസാന പതിനഞ്ച് മത്സരങ്ങൾ എടുത്ത് നോക്കിയാൽ തോല്‍വി അറിയാതെയാണ് ബയേൺ മുന്നേറുന്നത്. അതുകൊണ്ട് തന്നെ അലയന്‍സ് അറീനയില്‍ ഇറങ്ങുമ്പോള്‍ റയലിന് വെല്ലുവിളിയും സമ്മര്‍ദവും കൂടുതലാണ്. മാത്രവുമല്ല, ബയേണ്‍ ഗോളി മാനുവല്‍ നോയറെ മറികടന്ന് ബോൾ വലയിൽ എത്തിക്കുക എന്നത് അത്ര എളുപ്പമാകില്ല. എംബാപ്പേ, വിനിഷ്യസ് ജൂനിയര്‍ മുന്നേറ്റ ജോഡിയിലാണ് റയലിന്റെ പ്രതീക്ഷ. പരിക്കേറ്റ ഗോളി തിബോത് കോര്‍ത്വയുടേയും റോഡ്രിഗോയുടേയും സസ്‌പെന്‍ഷനിലായ ചുവാമെനിയുടേയും തിരിച്ചടി. സ്വന്തം കാണികളുടെ പിന്തുണയോടെ ഇറങ്ങുമ്പോള്‍ ഹാരി കെയ്‌നും ലൂയിസ് ഡിയാസിനും സെര്‍ജി ഗ്‌നാബ്രിക്കിനുമെല്ലാം കളത്തിൽ ഇരട്ടിയാവേശം തന്നെയായിരിക്കും. ലാലീഗയില്‍ ബാഴ്‌സയേക്കാള്‍ ഒന്‍പത് പോയിന്റിന് പിന്നിലായ റയലിന് ചാമ്പ്യന്‍സ് ലീഗ് ഏറെ നിര്‍ണായകമാണ്.

Content highlight: UEFA Champions League: Real Madrid vs Bayern Munich matchday

To advertise here,contact us