'മഞ്ഞപ്പട‌‌ സ്റ്റേഡിയത്തിൽ വരണം'; ബഹിഷ്കരണത്തിന് പിന്നാലെ ആരാധകരോട് അഭ്യർത്ഥിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച്

മഞ്ഞപ്പടയുടെ ബഹിഷ്കരണത്തിന് ശേഷം ആദ്യമായി നടക്കുന്ന ഹോം മത്സരമാണ് ഇന്ന് നടക്കുന്നത്

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് വരണമെന്ന് ടീമിന്റെ ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയോട് ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്. സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോച്ചിന്റെ പ്രതികരണം. കൊച്ചി സ്റ്റേഡിയത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കവേയായിരുന്നു കോച്ച് വെസ്റ്റ്‌വുഡ് അഭ്യർത്ഥനയുമായി രം​ഗത്തെത്തിയത്. മഞ്ഞപ്പടയുടെ ബഹിഷ്കരണത്തിന് ശേഷം ആദ്യമായി നടക്കുന്ന ഹോം മത്സരമാണ് ഇത്.

ആരാധകര്‍ ആഗ്രഹിക്കുന്ന പ്രകടനവും വിജയവും വരും മത്സരങ്ങളില്‍ ഉറപ്പു നല്‍കുന്നുവെന്നും മഞ്ഞപ്പട സ്റ്റേഡിയത്തിലെത്തണമെന്നും കോച്ച് പറഞ്ഞു. 'ഇനിയുള്ള മത്സരങ്ങളില്‍ നല്ല പ്രകടനം ഉറപ്പു തരാം. വിജയങ്ങള്‍ ടീം നേടും. ആരാധകര്‍ അര്‍ഹിക്കുന്ന ടീമായി തന്നെ മുന്നോട്ട് പോകും', ആഷ്‌ലി വ്യക്തമാക്കി.

കഴിഞ്ഞ മത്സരത്തിൽ ബെം​ഗളൂരൂ എഫ്സിയെ അവരുടെ തട്ടകത്തിൽ പോയി വീഴ്ത്തി സീസണിലെ ആദ്യവിജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. എന്നാൽ ബഹിഷ്കരണത്തിന് ശേഷം കഴിഞ്ഞ രണ്ട് മാച്ചിലും കാണികള്‍ക്ക് ഇടയില്‍ മഞ്ഞപ്പട ഉണ്ടായിരുന്നില്ല. ടീം മാനേജ്‌മെന്റിന്റെ നയ നിലപാടുകളിലും ടീമിന്റെ മോശം പ്രകടനത്തിലും പ്രതിഷേധിച്ചാണ് ബഹിഷ്കരണം.

Content Highlights: Kerala Blasters coach Ashley Westwood requests Manjapada, to come to the stadium to watch the match

To advertise here,contact us