'വഴക്കുണ്ടാക്കരുത്, യുവതാരങ്ങളെ ഉപദേശിക്കണം' -ഹര്‍ഭജനോട് പാക് ആരാധകന്‍

ഇന്ത്യ-പാകിസ്താന്‍ മൈതാനത്തെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ ഹര്‍ഭജന്‍ സിങ്ങിനോട് പാകിസ്ഥാന്‍ ആരാധകന്റെ പ്രത്യേക അഭ്യര്‍ത്ഥന

ഹർഭജൻ സിങ്

കളിക്കളത്തില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ ഹര്‍ഭജന്‍ സിങ്ങിനോട് അഭ്യര്‍ഥനയുമായി പാകിസ്താന്‍ ആരാധകന്‍. എതിരാളികളുമായി വഴക്കുണ്ടാക്കുന്നത് നിര്‍ത്താന്‍ ഇന്ത്യന്‍ യുവതാരങ്ങളെ ഉപദേശിക്കണമെന്നും, ഒരു കായിക ഇനത്തിലും അനാദരവിന്റെ അതിര്‍വരമ്പ് ലംഘിക്കരുതെന്നും ആരാധകന്‍ ഹര്‍ഭജനോട് അഭ്യര്‍ത്ഥിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. അണ്ടര്‍-19 ഏഷ്യാ കപ്പ്, ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റുകള്‍ക്കിടെ ഇന്ത്യന്‍-പാകിസ്ഥാന്‍ യുവതാരങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെക്കുറിച്ചാണ് ആരാധകന്‍ വീഡിയോയില്‍ പരാതി പറയുന്നത്.

'ഗ്രൗണ്ടില്‍ വഴക്കുണ്ടാക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ യുവതാരങ്ങളെ വിലക്കണം. ഇത് ക്രിക്കറ്റാണ്. ഇത്രമാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ' -ആരാധകന്‍ ഹര്‍ഭജനോട് പറഞ്ഞു. ഹര്‍ഭജന്‍ കളിച്ചിരുന്ന കാലത്തെ ഇന്ത്യന്‍-പാകിസ്ഥാന്‍ താരങ്ങള്‍ തമ്മിലുള്ള സൗഹൃദം ചൂണ്ടിക്കാണിച്ചുകൊണ്ട്, യുവതലമുറയിലെ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നത് കാണുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ആരാധകന്‍ പറഞ്ഞു. 'നിങ്ങള്‍ പാകിസ്ഥാനില്‍ വരുമ്പോഴെല്ലാം ഞങ്ങള്‍ നിങ്ങളെ സ്‌നേഹത്തോടെയല്ലേ പരിഗണിക്കുന്നത്? നമ്മള്‍ ലോകമെമ്പാടും സഞ്ചരിക്കുകയും സ്‌നേഹത്തോടെ ഒരുമിച്ച് താമസിക്കുകയും ചെയ്യുന്നു. മുതിര്‍ന്നവര്‍ക്ക് പരസ്പരം വലിയ സ്‌നേഹമുണ്ട്, പക്ഷേ ഇളയവര്‍ വഴക്കുണ്ടാക്കുന്നു. വഴക്കുണ്ടാക്കരുതെന്ന് ദയവായി അവരോട് പറയുക' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മറുപടിയായി, അതിര്‍വരമ്പ് ലംഘിക്കരുതെന്ന് താന്‍ എപ്പോഴും യുവതാരങ്ങളെ ഉപദേശിക്കാറുണ്ടെന്ന് വ്യക്തമാക്കി ഹര്‍ഭജന്‍ പക്വതയോടെ സാഹചര്യം കൈകാര്യം ചെയ്തു. 'വിനയത്തോടും താഴ്മയോടും കൂടിയിരിക്കാനും ഞങ്ങള്‍ അവരോട് പറഞ്ഞിട്ടുണ്ട്' -ഹര്‍ഭജന്‍ മറുപടി നല്‍കി. സീനിയര്‍, ജൂനിയര്‍ മത്സരങ്ങളിലുടനീളമുള്ള സമീപകാല ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടങ്ങള്‍ കടുത്ത കയ്യാങ്കളിയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തിലാണ് നടന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിരവധി വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ക്രൂരമായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച്, കഴിഞ്ഞ വര്‍ഷത്തെ പുരുഷ ഏഷ്യാ കപ്പിനിടെ ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാന്‍ താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചിരുന്നു.

അതിനുശേഷം പാകിസ്ഥാന്‍ താരങ്ങളുമായി ഇടപഴകേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ തുടരുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ഏഷ്യാ കപ്പ് ട്രോഫി ഏറ്റുവാങ്ങാനും അവര്‍ വിസമ്മതിച്ചു.

content highlights: 'Don't Pick Fights, Guide Young Players': Pakistani Fan Tells Harbhajan Singh

To advertise here,contact us