'ആരെങ്കിലും എനിക്ക് പിന്തുണ നല്‍കിയിരുന്നെങ്കില്‍' -ബാറ്റര്‍മാരെ പഴിച്ച് തിലക് വര്‍മ

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സില്‍ പാകിസ്താനോട് തോറ്റതിന് പിന്നാലെ ബാറ്റര്‍മാരെ പഴിചാരി ഇന്ത്യ എ നായകന്‍ തിലക് വര്‍മ

എസിസി പുരുഷ ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ വിമര്‍ശനവുമായി ഇന്ത്യ എ നായകന്‍ തിലക് വര്‍മ. തിലകിന്റെ പോരാട്ടവീര്യം നിറഞ്ഞ സെഞ്ചുറി വിഫലമാക്കി പാകിസ്താന്‍ 48 റണ്‍സിന് ഇന്ത്യ എ-യെ പരാജയപ്പെടുത്തി. 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ 49.1 ഓവറില്‍ 265 റണ്‍സിന് ഓള്‍ഔട്ടായി; 149 പന്തില്‍ 100 റണ്‍സെടുത്ത തിലക് വര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയും (42 പന്തില്‍ 70), ഷഹബാസ് അഹമ്മദിന്റെ (49 പന്തില്‍ 56) മികച്ച പ്രകടനവും ശ്രദ്ധേയമായെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്താന്‍ എ ബൗളര്‍മാര്‍ വിജയം ഉറപ്പിച്ചു.

മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ ടീമിന് സാധിച്ചില്ലെന്ന് ഇന്ത്യ എ ക്യാപ്റ്റന്‍ തിലക് വര്‍മ്മ പറഞ്ഞു. 49 പന്തില്‍ 56 റണ്‍സെടുത്ത ഷഹബാസ് അഹമ്മദ് പൊരുതി നോക്കിയെങ്കിലും 43.3 ഓവറില്‍ സ്‌കോര്‍ 241/7 എന്ന നിലയില്‍ നില്‍ക്കെ പുറത്തായി. 'അഭിഷേക് തുടങ്ങിയ രീതിയും, മധ്യഓവറുകളില്‍ ഷഹബാസ് എനിക്കൊപ്പം ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കിയ രീതിയും വളരെ നിര്‍ണ്ണായകമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ കളി വേഗത്തിലാക്കാന്‍ ആഗ്രഹിച്ച സമയത്ത് ഷഹബാസ് പുറത്തായി. അല്ലായിരുന്നെങ്കില്‍, അവന്‍ ഒരു രണ്ട് ഓവര്‍ കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ എനിക്ക് കളി ജയിപ്പിക്കാമായിരുന്നു' -തിലക് പറഞ്ഞു.

'എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച കാര്യം കളി ജയിക്കുക എന്നതാണ്. കളി ജയിച്ചില്ലെങ്കില്‍ അത് എനിക്ക് മികച്ചതായി തോന്നില്ല. പക്ഷേ കളി എപ്പോഴും കഴിയുന്നത്ര ആഴത്തിലേക്ക് കൊണ്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്നും ഞാന്‍ അതിനാണ് ശ്രമിച്ചത്. മറ്റേതെങ്കിലും ഒരു ബാറ്റര്‍ക്ക് എനിക്ക് പിന്തുണ നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് കളി പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ അതാണ് എന്റെ രീതി. നിങ്ങള്‍ ടീമിന്റെ ക്യാപ്റ്റനാണെങ്കില്‍ ആ ഭാരവും ഉത്തരവാദിത്തവും ഏറ്റെടുക്കണം. സത്യസന്ധമായി പറഞ്ഞാല്‍ എനിക്കത് ചെയ്യാന്‍ വലിയ ഇഷ്ടമാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തിലേക്ക് വന്നാല്‍, ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഹസന്‍ നവാസ് 82 പന്തില്‍ 79 റണ്‍സ് നേടിയതിനൊപ്പം 45 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും വീഴ്ത്തി. അലി റാസ മൂന്ന് വിക്കറ്റും, മുഹമ്മദ് ഇമ്രാന്‍ രണ്‍ധാവ രണ്ടും, അഹമ്മദ് ഡാനിയല്‍ ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന്‍ എ മാസ് സദാഖത്ത് (63 പന്തില്‍ 59), ഹസന്‍ നവാസ് (82 പന്തില്‍ 79), ഫര്‍ഹാന്‍ യൂസഫ് (48 പന്തില്‍ 56) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 49.2 ഓവറില്‍ 313 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഷാമില്‍ ഹുസൈനും സദാഖത്തും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പാകിസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. എട്ടാം ഓവറില്‍ നാല് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെ 23 പന്തില്‍ 33 റണ്‍സെടുത്ത ഷാമിലിനെ പുറത്താക്കി ആയുഷ് ബദോനിയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. തൊട്ടുപിന്നാലെ വിക്കറ്റ് കീപ്പര്‍ റൊഹൈല്‍ നസീറിനെ (3 പന്തില്‍ 0) ഹര്‍ഷിത് റാണ പുറത്താക്കിയതോടെ പാകിസ്ഥാന്‍ 67/2 എന്ന നിലയിലായി. തുടര്‍ന്ന് സദാഖത്തും ഹസനും ചേര്‍ന്ന് 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു. ആറ് ഫോറുകളും ഒരു സിക്‌സറുമടക്കം 59 റണ്‍സെടുത്ത സദാഖത്തിനെ സൂര്യാന്‍ഷ് ഷെഡ്ജ് പുറത്താക്കി.

തുടര്‍ന്ന് ക്യാപ്റ്റന്‍ അബ്ദുള്‍ സമദിനെ കൂട്ടുപിടിച്ച് ഹസന്‍ നവാസ് നാലാം വിക്കറ്റില്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ടിനിടെ ഹസന്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 39-ാം ഓവറില്‍ അഞ്ച് ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 82 പന്തില്‍ 79 റണ്‍സെടുത്ത ഹസനെ ഷെഡ്ജ് പുറത്താക്കിയതോടെ പാകിസ്ഥാന്‍ 230/5 എന്ന നിലയിലായി. 35 പന്തില്‍ 28 റണ്‍സെടുത്ത സമദിനെ റിങ്കു സിംഗ് റണ്ണൗട്ടാക്കിയതോടെ 186-ല്‍ പാകിസ്ഥാന് നാലാം വിക്കറ്റ് നഷ്ടമായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഫര്‍ഹാന്‍ യൂസഫ്, 14 പന്തില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്‌സറുകളുമടക്കം 23 റണ്‍സെടുത്ത മുഹമ്മദ് ഇമ്രാന്‍ രണ്‍ധാവയ്‌ക്കൊപ്പം നിര്‍ണ്ണായക റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 264-ല്‍ നില്‍ക്കെ രണ്‍ധാവയെയും, 46-ാം ഓവറില്‍ സാദ് മസൂദിനെയും (9) വിപ്രാജ് നിഗം പുറത്താക്കി. ആക്രമിച്ചു കളിച്ച ഫര്‍ഹാന്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ 48 പന്തില്‍ 56 റണ്‍സെടുത്ത് പ്രിന്‍സ് യാദവിന് വിക്കറ്റ് നല്‍കി മടങ്ങി. നാല് ഫോറുകളും രണ്ട് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഫര്‍ഹാന്റെ ഇന്നിംഗ്‌സ്. അഹമ്മദ് ഡാനിയലിനെ (8) ഹര്‍ഷിത് റാണയും, അലി റാസയെ (2) പ്രിന്‍സ് യാദവും പുറത്താക്കിയതോടെ 49.2 ഓവറില്‍ 313 റണ്‍സിന് പാകിസ്ഥാന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. ഇന്ത്യ എയ്ക്ക് വേണ്ടി സൂര്യാന്‍ഷ് ഷെഡ്ജ്, വിപ്രാജ് നിഗം, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ആയുഷ് ബദോനി ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എയ്ക്ക് നാലാം ഓവറില്‍ തന്നെ 13 പന്തില്‍ 11 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയെ നഷ്ടമായി. മുഹമ്മദ് ഇമ്രാന്‍ രണ്‍ധാവയ്ക്കായിരുന്നു വിക്കറ്റ്. എന്നാല്‍ മറുവശത്ത് ആഞ്ഞടിച്ച അഭിഷേക് ശര്‍മ്മ ആറ് ഫോറുകളും ആറ് സിക്‌സറുകളുമടക്കം 42 പന്തില്‍ 70 റണ്‍സെടുത്ത് റണ്‍റേറ്റ് ഉയര്‍ത്തി. അതിനിടെ ആയുഷ് ബദോനിയെ (4 പന്തില്‍ 0) അലി റാസ പുറത്താക്കിയതോടെ ഇന്ത്യ 26/2 എന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ തിലക് വര്‍മ്മയ്‌ക്കൊപ്പം 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത അഭിഷേകിനെ 16-ാം ഓവറില്‍ ഹസന്‍ നവാസ് പുറത്താക്കിയതോടെ ഇന്ത്യ 93/3 എന്ന നിലയിലായി. പാകിസ്ഥാന്‍ ബൗളര്‍മാര്‍ കളിയില്‍ പിടിമുറുക്കിയതോടെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ തിലക് വര്‍മ്മ പ്രയാസപ്പെട്ടു. കുമാര്‍ കുശാഗ്രയെ (2) സുഫിയാന്‍ മുഖീമും, റിങ്കു സിംഗ് (6), സൂര്യാന്‍ഷ് ഷെഡ്ജ് (3) എന്നിവരെ ഹസന്‍ നവാസും അടുത്തടുത്ത ഇടവേളകളില്‍ പുറത്താക്കിയതോടെ 26-ാം ഓവറില്‍ ഇന്ത്യ 129/6 എന്ന പരിതാപകരമായ അവസ്ഥയിലായി. തുടര്‍ന്ന് തിലക് വര്‍മ്മയ്‌ക്കൊപ്പം ചേര്‍ന്ന ഷഹബാസ് അഹമ്മദ് ഏഴാം വിക്കറ്റില്‍ 112 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കി. 41 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഷഹബാസ് ഒരു ഫോറും നാല് സിക്‌സറുകളുമടക്കം 49 പന്തില്‍ 56 റണ്‍സെടുത്തു.

44-ാം ഓവറില്‍ ഷഹബാസിനെ പുറത്താക്കിയ അലി റാസ തൊട്ടടുത്ത പന്തില്‍ വിപ്രാജ് നിഗത്തെയും (0) ബൗള്‍ഡാക്കി ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. പിന്നാലെ ഹര്‍ഷിത് റാണയെ (0) രണ്‍ധാവ പുറത്താക്കിയതോടെ ഇന്ത്യ 244/9 എന്ന നിലയിലായി. 49-ാം ഓവറില്‍ 148 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്‌സറുമടക്കം തിലക് വര്‍മ്മ തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അഹമ്മദ് ഡാനിയലിന്റെ പന്തില്‍ റൊഹൈല്‍ നസീറിന് ക്യാച്ച് നല്‍കി തിലക് (149 പന്തില്‍ 100) പുറത്തായതോടെ 49.1 ഓവറില്‍ 265 റണ്‍സിന് ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. പാകിസ്ഥാന് വേണ്ടി ഹസന്‍ നവാസും അലി റാസയും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് ഇമ്രാന്‍ രണ്‍ധാവ രണ്ട് വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ പാകിസ്ഥാന്‍ എ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഓള്‍റൗണ്ട് പ്രകടനം നടത്തിയ ഹസന്‍ നവാസാണ് കളിയിലെ താരം.

content highlights: 'If Any Other Batter Had Given Me Support': Tilak Varma Blames Batters After India A's Loss to Pakistan A

To advertise here,contact us