കാല്‍മുട്ടിലെ തുടര്‍ച്ചയായ പരിക്കുകളാണ് ഐപിഎല്‍ കരിയറിന് വിരാമമിടാന്‍ എം.എസ്. ധോണിയെ നിര്‍ബന്ധിതനാക്കിയതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിലെ ദീര്‍ഘകാല സഹതാരമായിരുന്ന സുരേഷ് റെയ്ന. ഇനി മുതല്‍ സിഎസ്‌കെയുടെ മെന്ററായി (ഉപദേശകന്‍) ധോണി ടീമിനൊപ്പമുണ്ടാകും. 2026 ഐപിഎല്‍ സീസണില്‍ പൂര്‍ണ്ണമായും കളിക്കാന്‍ താരം ഫിറ്റായിരുന്നില്ല എന്നതിനാല്‍ ഈ തീരുമാനം പ്രതീക്ഷിച്ചതായിരുന്നു.
'ഓഫ് സീസണില്‍ മഹി ഭായ് വ്യത്യസ്ത കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടായിരുന്നു, പക്ഷേ കാല്‍മുട്ടിലെ വേദന അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ രണ്ട് കാല്‍മുട്ടുകളിലും നീരുണ്ട്. ഇത്രയധികം മത്സരങ്ങള്‍ കളിച്ചതിന്റെയും വിക്കറ്റ് കീപ്പിംഗ് ചെയ്തതിന്റെയും ആഘാതമാണിത്' -റെയ്ന പറഞ്ഞു. 'ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം ഇതുവരെ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജിമ്മില്‍ അതിനായി കഠിനാധ്വാനം ചെയ്തിരുന്നു. കാല്‍മുട്ടില്‍ നീര് വന്നതിന് ശേഷം, ഒരു 'ഇംപാക്ട് പ്ലെയര്‍' ആയി കളിക്കാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അഭിമുഖങ്ങളില്‍ എപ്പോഴും പറയുമായിരുന്നു.'
'ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും വലിയ ധൈര്യത്തെയുമാണ് ഇത് കാണിക്കുന്നത്. കളിക്കുന്നത് തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു, പക്ഷേ ആ ഭാരം താങ്ങാന്‍ അദ്ദേഹത്തിന്റെ ശരീരത്തിന് ഇപ്പോള്‍ കഴിയുന്നില്ല' -റെയ്ന കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലിലെ ഏറ്റവും വലിയ ബ്രാന്‍ഡാണ് ധോണിയെന്നും റെയ്ന വിശേഷിപ്പിച്ചു. 'സിഎസ്‌കെയ്ക്കും ഐപിഎല്ലിനും വേണ്ടി അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 2008 മുതല്‍ ആരാധകരില്‍ നിന്നും ബിസിനസ് പ്രമുഖരില്‍ നിന്നും സിഇഒമാരില്‍ നിന്നും കുട്ടികളില്‍ നിന്നുമെല്ലാം അദ്ദേഹത്തിന് ലഭിച്ച സ്‌നേഹം അവിശ്വസനീയമാണ്. സിഎസ്‌കെ ഇത്രയും വര്‍ഷങ്ങള്‍ നിലനിന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം മഹി ഭായും 'വിസില്‍ പോടു ആര്‍മി'യില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച പിന്തുണയുമാണ്. സ്റ്റീഫന്‍ ഫ്‌ലെമിംഗിനൊപ്പം ചേര്‍ന്ന് അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.' 'ഒരു കളിക്കാരന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും അദ്ദേഹം അത്ഭുതകരമായ കാര്യങ്ങളാണ് ചെയ്തത്, ഇന്നും ഐപിഎല്ലിലെ ഏറ്റവും വലിയ ബ്രാന്‍ഡ് അദ്ദേഹം തന്നെയാണ്. ഇത്രയും വര്‍ഷങ്ങള്‍ ഐപിഎല്ലില്‍ കളിച്ച് വലിയൊരു താരമായി മാറിയെങ്കിലും, ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ക്കാണ് അതിനേക്കാള്‍ പ്രാധാന്യമെന്ന് ഞാന്‍ കരുതുന്നു' -മുന്‍ ഇന്ത്യന്‍ ബാറ്റര്‍ പറഞ്ഞു.
content highlights: 'MS Dhoni Wanted to Keep Playing': Suresh Raina Reacts Following Dhoni's Retirement