'സഞ്ജുവിന്റെയും വൈഭവിന്റെയും ആത്മവിശ്വാസം തകര്‍ത്തു' -ഗുരുതര ആരോപണവുമായി കെ. ശ്രീകാന്ത്

ടോപ്പ് ഓര്‍ഡറിലെ തുടര്‍ച്ചയായ മാറ്റങ്ങള്‍ വൈഭവ് സൂര്യവംശിയുടെയും സഞ്ജുവിന്റെയും ആത്മവിശ്വാസം തകര്‍ത്തെന്നാണ് ശ്രീകാന്തിന്റെ ആരോപണം, ഗൗതം ഗംഭീറിനും മാനേജ്മെന്റിനുമെതിരെ രൂക്ഷവിമര്‍ശനം

നിലവില്‍ ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ ടോപ്പ് ഓര്‍ഡറില്‍ കഴിവുറ്റ താരങ്ങളുടെ വന്‍ നിരതന്നെയുണ്ട്. ഐപിഎല്ലില്‍ അതത് ടീമുകള്‍ക്കായി തിളങ്ങുന്ന അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഓപ്പണിംഗ് സ്ഥാനത്തിനായി ശക്തമായി രംഗത്തുണ്ട്. അഭിഷേക് ശര്‍മ്മയ്ക്ക് ടീമില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിക്കുമ്പോള്‍, യുവതാരം വൈഭവ് സൂര്യവംശിയുടെ വരവോടെ സഞ്ജു സാംസണും വൈഭവും തമ്മിലാണ് പ്രധാനമായും മാറ്റുരയ്ക്കേണ്ടി വരുന്നത്.

കഴിഞ്ഞ ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലാണ് വൈഭവ് സൂര്യവംശിയെ ആദ്യമായി ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തത്. അയര്‍ലന്‍ഡിനെതിരായ മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20-യിലും കളിച്ച സഞ്ജു സാംസണ്‍ യഥാക്രമം 5, 0, 1 എന്നിങ്ങനെ റണ്‍സെടുത്ത് നിരാശപ്പെടുത്തി. തുടര്‍ന്ന് രണ്ടാം മത്സരത്തില്‍ വൈഭവ് സൂര്യവംശി തന്റെ ട്വന്റി20 അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് കളിച്ച മൂന്ന് മത്സരങ്ങളില്‍ 14, 13, 15 എന്നിങ്ങനെയാണ് വൈഭവ് നേടിയത്.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20-യില്‍ തിരിച്ചെത്തിയ സഞ്ജു 27 റണ്‍സ് നേടിയെങ്കിലും തൊട്ടുപിന്നാലെ നടന്ന സിംബാബ്വെ പര്യടനത്തില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചു. ഈ പര്യടനത്തില്‍ അവസരം ലഭിച്ച വൈഭവ് സൂര്യവംശി 50, 20, 81 എന്നിങ്ങനെ മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ നിലവിലെ പരമ്പരയില്‍ വൈഭവിനെ ബെഞ്ചിലിരുത്തുകയും ടീമില്‍ തുടര്‍ച്ചയായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്ന മാനേജ്മെന്റ് രീതിക്കെതിരെ 1983 ലോകകപ്പ് വിജയിയായ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തി. മാനേജ്മെന്റിന്റെ ഈ സമീപനം കളിക്കാരുടെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'അവര്‍ സഞ്ജു സാംസണിന്റെ ആത്മവിശ്വാസം തകര്‍ത്തത് പോരാഞ്ഞ്, വൈഭവ് സൂര്യവംശിയുടെ ആത്മവിശ്വാസത്തെയും പൂര്‍ണമായി ഇല്ലാതാക്കി. വെസ്റ്റ് ഇന്‍ഡീസിനെപ്പോലൊരു ടീമിനെതിരെ വൈഭവിന് ചുരുങ്ങിയത് മൂന്ന് മത്സരങ്ങളിലെങ്കിലും അവസരം നല്‍കണമായിരുന്നു. അഭിഷേകിന് ഇപ്പോള്‍ ധാരാളം അവസരങ്ങള്‍ ലഭിച്ച സ്ഥിതിക്ക് അദ്ദേഹത്തിന് വിശ്രമം നല്‍കി, അടുത്ത മത്സരത്തില്‍ വൈഭവിനെയും സഞ്ജുവിനെയും കൊണ്ട് ഓപ്പണ്‍ ചെയ്യിക്കാമായിരുന്നു' -തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീകാന്ത് വ്യക്തമാക്കി.

അതോടൊപ്പം സഞ്ജു സാംസണിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 2026-ലെ ട്വന്റി20 ലോകകപ്പ് ഫൈനല്‍ ഉള്‍പ്പെടെ മൂന്ന് മികച്ച ഇന്നിംഗ്‌സുകള്‍ സഞ്ജു കളിച്ച് ഇന്ത്യയെ ചാമ്പ്യന്മാരാക്കിയെങ്കിലും, അതിനുശേഷം ഫോം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. 'സഞ്ജുവിന്റെ കാര്യത്തില്‍ എപ്പോഴും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.

അദ്ദേഹത്തിന്റെ പ്രകടനത്തിലെ സ്ഥിരത എപ്പോഴും ചോദ്യചിഹ്നമാണ്. ലോകകപ്പിലൊക്കെ ചെയ്തതുപോലെ പെട്ടെന്നൊരിക്കല്‍ അത്ഭുതങ്ങള്‍ കാണിക്കും. പിന്നീട് തുടര്‍ച്ചയായി പരാജയപ്പെടും. എന്നാല്‍ അഭിഷേക് ശര്‍മയെപ്പോലൊരു കളിക്കാരനില്‍ ഇത്തരത്തിലുള്ള തീവ്രമായ വ്യതിയാനങ്ങള്‍ കാണാറില്ല. ഇനിയിപ്പോള്‍ അടുത്ത മത്സരത്തില്‍ സഞ്ജു വീണ്ടും റണ്‍സ് കണ്ടെത്തിയേക്കാം' -ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

content highlights: 'Confidence of Sanju and Vaibhav Ruined': Kris Srikkanth Launches Scathing Attack on Management

To advertise here,contact us