2002-ന് ശേഷം ഒരു ടെസ്റ്റ് ഇന്നിങ്സില്‍ ടെയില്‍-എന്ഡര്മാര്ക്കൊപ്പം ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് ഓസ്ട്രേലിയന്‍ ബാറ്റര്‍ മാറ്റ് റെന്‍ഷോ മറികടന്നു. ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ 397 പന്തുകളില്‍ നിന്ന് കരിയറിലെ മികച്ച സ്കോറായ 190 റണ്‍സ് റെന്‍ഷോ നേടി. ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്കൊപ്പം ബാറ്റ് ചെയ്യവേ 174 റണ്‍സാണ് താരം നേടിയത്. ഇതോടെ 2016-ല്‍ മുംബൈയിലെ വാംഖെഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ 235 റണ്‍സ് നേടുന്നതിനിടെ കോഹ്ലി കുറിച്ച 171 റണ്‍സിന്റെ റെക്കോര്‍ഡാണ് റെന്‍ഷോ മറികടന്നത്.
ഓസ്ട്രേലിയയുടെ ടെയില്‍-എന്ഡര്മാര്ക്കൊപ്പം ബാറ്റ് ചെയ്ത റെന്‍ഷോ, പാറ്റ് കമ്മിന്‍സിനൊപ്പം 41 റണ്‍സും, മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം 12 റണ്‍സും, നഥാന്‍ ലിയോണിനൊപ്പം 100 റണ്‍സും, ജോഷ് ഹാസല്വുഡിനൊപ്പം 21 റണ്‍സും സംഭാവന ചെയ്തു. ഞായറാഴ്ച കിംഗ്സ്മീഡില്‍ നടന്ന മത്സരത്തിന്റെ രണ്ടാം ദിനം റെന്‍ഷോയുടെ 190 റണ്‍സിന്റെ മികവില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 390 റണ്‍സിന് ഓള്‍ഔട്ടായി.
ഓസ്ട്രേലിയ 124/6 എന്ന നിലയില്‍ തകര്‍ച്ച നേരിടുമ്പോഴാണ് റെന്‍ഷോ ക്രീസിലെത്തുന്നത്. 21 ഫോറുകളും ഒരു സിക്സറും അടങ്ങിയ ക്ഷമയോടെയുള്ള ഇന്നിംഗ്സിലൂടെ താരം ടീമിനെ കരകയറ്റി. സൈമണ്‍ ഹാര്‍മറുടെ പന്തില്‍ പുറത്താകുന്നതിന് മുന്‍പ് തനിക്ക് അല്പം മാത്രം അകലെയായിരുന്ന കന്നി ടെസ്റ്റ് ഇരട്ട സെഞ്ചുറി താരത്തിന് നഷ്ടമായി.
43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സില്‍ നിന്നും 27 റണ്‍സ് നേടിയ നഥാന്‍ ലിയോണില്‍ നിന്നും റെന്‍ഷോയ്ക്ക് മികച്ച പിന്തുണ ലഭിച്ചു. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗില്‍ 68 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ വിയാന്‍ മള്‍ഡര്‍ തിളങ്ങി. മാര്‍ക്കോ യാന്സന് 3 വിക്കറ്റും ആന്റിച്ച് നോര്‍ക്കിയ 2 വിക്കറ്റും നേടി.
ഓസ്ട്രേലിയയുടെ 390 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 27/1 എന്ന നിലയിലാണ്. എയ്ഡന്‍ മാര്‍ക്രം 15 റണ്‍സുമായും ഡേവിഡ് ബെഡിംഗ്ഹാം 12 റണ്‍സുമായും ക്രീസിലുണ്ട്. നിലവില്‍ ഓസ്ട്രേലിയയേക്കാള്‍ 363 റണ്‍സിന് പിന്നിലാണ് ആതിഥേയര്‍. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ വീണ ഏക വിക്കറ്റ് ജോഷ് ഹേസല്‍വുഡ് സ്വന്തമാക്കി. റയാന് റിക്കല്‍ട്ടണെ റണ്‍സൊന്നുമെടുക്കാതെയാണ് ഹാസല്‍വുഡ് പുറത്താക്കിയത്. വെളിച്ചക്കുറവ് മൂലമാണ് രണ്ടാം ദിനത്തിലെ കളി നേരത്തെ അവസാനിപ്പിച്ചത്.
content highlights: Matt Renshaw Surpasses Virat Kohli's Cricket Record