ആർ ജി വൺ വനിതാ ട്വന്‍റി 20 ടൂർണമെന്‍റിൽ കേരളം ജേതാക്കൾ

ഫൈനലിൽ ബറോഡയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്

ആർ ജി വൺ വനിതാ ട്വന്‍റി 20 ടൂർണമെന്‍റിൽ കേരളത്തിന് കിരീടം. ഫൈനലിൽ ബറോഡയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 14.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ബറോഡ ബാറ്റിങ് നിരയിൽ ഓപ്പണർമാരായ മെസ്വി പൊകാർ, അമൃത ജോസഫ് എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മെസ്വി 28-ഉം അമൃത 22-ഉം റൺസെടുത്തു. തുടർന്നെത്തിയവർ കേരളത്തിന്‍റെ മികച്ച ബൗളിങ്ങിന് മുന്നിൽ മുട്ടുമടക്കിയതോടെ ബറോഡയുടെ ഇന്നിങ്സ് 109-ൽ അവസാനിച്ചു. കേരളത്തിന് വേണ്ടി സജന സജീവനും നജ്‌ല സി.എം.സി.യും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെ മികച്ച തുടക്കം നൽകി. 18 പന്തിൽ ഏഴ് ഫോറും ഒരു സിക്സുമടക്കം കിരൺ 38 റൺസ് നേടി. ക്യാപ്റ്റൻ ആശ ശോഭന 21 റൺസെടുത്തു. സജന സജീവൻ 14-ഉം ദിവ്യ ഗണേഷ് പത്തും റൺസ് നേടി പുറത്താകാതെ നിന്നു. 31 പന്തുകൾ ബാക്കിനിൽക്കെ കേരളം ലക്ഷ്യത്തിലെത്തി. ബറോഡയ്ക്ക് വേണ്ടി തൻവീർ ഷെയ്ഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

content highlights: kerala-crowned-champions-rg-one-senior-womens-t20-tournament-baroda

To advertise here,contact us