അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്ക് നാളെ തുടക്കം. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണി മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പര തോല്‍വിക്ക് പിന്നാലെ നടക്കുന്ന പരമ്പരയില്‍ പ്രമുഖ താരങ്ങള്‍ ടീമിലുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റര്‍മാരായ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിൽ ആർക്കായിരിക്കും പ്ലേയിംഗ് ഇലവനില്‍ മുൻഗണന എന്നതിലാണ് പ്രധാന ആശയക്കുഴപ്പം. ഇരുവരെയും ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയാൽ അഭിഷേക് ശർമ്മക്കൊപ്പം ഓപ്പണറാകും. സഞ്ജുവും അഭിഷേകും ഓപ്പണ്‍ ചെയ്താൽ കൗമാരതാരം വൈഭവ് സൂര്യവംശി പുറത്തിരിക്കേണ്ടിവരും.
ഇപ്പോഴിതാ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ സഞ്ജുവിനെ ഇലവനിൽ ഉൾപ്പെടുത്തണമെന്നും വൈഭവിന് ഭാവിയിൽ ഇനിയും അവസരങ്ങൾ ലഭിക്കുമെന്നും മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ പറഞ്ഞു.
‘ലോകകപ്പിൽ കളിച്ച അതേ മൂന്ന് ടോപ് ഓർഡർ ബാറ്റർമാർ തന്നെ ഇനിയും കളിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. സഞ്ജു നന്നായി കളിച്ചിട്ടുണ്ട്, എന്നാൽ രണ്ടോ മൂന്നോ ഇന്നിങ്സുകളിൽ മോശം പ്രകടനം നടത്തിയതിനാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. സഞ്ജുവിന് ഒരു അവസരം കൂടി ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അഭിഷേകും ഇഷാനും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
വൈഭവിന് ഇനിയും അവസരങ്ങൾ ലഭിക്കും, അവന്റെ സമയം വരും. ഇപ്പോൾ, ലോകകപ്പ് വിജയത്തിൽ നിർണയക പങ്കുവഹിച്ച സഞ്ജു, അഭിഷേക്, ഇഷാൻ എന്നിവർ തന്നെയായിരിക്കണം ആദ്യ മൂന്നു സ്ഥാനങ്ങളിൽ കളിക്കേണ്ടത്.’ രഹാനെ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയതിൽ രഹാനെ സന്തോഷം പ്രകടിപ്പിച്ചു. ഈ വർഷം ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നേടിയപ്പോൾ സഞ്ജു സാംസണായിരുന്നു ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റ്’ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
content highlights: ajinkya rahane praises sanju samson world cup contribution talks about vaibhav