അരങ്ങേറ്റത്തിൽ തന്നെ ലോക റെക്കോഡ് സ്കോറുമായി ദക്ഷിണാഫ്രിക്കൻ താരം ജോർദാൻ ഹെർമാൻ. നമീബിയക്കെതിരായ ഒന്നാം ഏകദിനത്തിലാണ് ജോർദാൻ ചരിത്രം കുറിച്ചത്.
126 പന്തിൽ നിന്ന് 150 റൺസാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് സിക്സറും 17 ഫോറുകളും അടക്കമായിരുന്നു ഇന്നിങ്സ്. ഇതോടെ ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ലോക റെക്കോർഡ് നേട്ടത്തിനൊപ്പം ജോർദാനെത്തി.
ഏകദിന അരങ്ങേറ്റത്തിൽ 150 റൺസെടുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് 24-കാരനായ ദക്ഷിണാഫ്രിക്കൻ ഓപ്പണർ. മറ്റൊരു ദക്ഷിണാഫ്രിക്കൻ താരമായ മാത്യു ബ്രീറ്റ്സ്ക്കെയാണ് അരങ്ങേറ്റത്തിൽ 150 റൺസെടുത്ത ആദ്യ താരം. ഏറ്റവും വേഗത്തിൽ 150 റൺസെടുത്ത അരങ്ങേറ്റ താരം കൂടിയാണ് ഹെർമാൻ.
മത്സരത്തിൽ നിശ്ചിത അമ്പത് ഓവറിൽ ദക്ഷിണാഫ്രിക്ക ആറുവിക്കറ്റ് നഷ്ടത്തിൽ 348 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ ബാറ്റിങ് തകർച്ച നേരിട്ടു. 31 ഓവറിൽ 162-8 എന്ന നിലയിൽ മത്സരം മഴ മുടക്കി.
പിന്നീട് മത്സരം പുനരാരംഭിക്കാനാവാതെ വന്നതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 99 റൺസിന് ദക്ഷിണാഫ്രിക്കയെ വിജയികളായി പ്രഖ്യാപിച്ചു.
content highlights: jordan hermann south africa cricketer profile and records