വേൾഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് ഇനിയും സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ്. ഡബ്ല്യു ടി സി പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യക്ക് വിജയിക്കേണ്ടതുണ്ട്.
എന്നാൽ ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്നാണ് ദ്രാവിഡ് പറഞ്ഞു. 'അവര്‍ യോഗ്യത നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യ ഡബ്ല്യു ടി സി ഫൈനലിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ അതൊരു വലിയ മുന്നേറ്റമായിരിക്കും. ഇന്ത്യ അല്പം പിന്നിലാണ്, എന്നാല്‍ ഇന്ത്യന്‍ ടീമിനുള്ള നിലവാരം വെച്ച് ഒരു ഘട്ടത്തിലും അവരെ എഴുതിത്തള്ളാന്‍ കഴിയില്ല. ശ്രീലങ്കയ്ക്കെതിരെ അവര്‍ മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്, അതൊരു നല്ല ആദ്യ പടിയാണ്. ന്യൂസിലന്‍ഡില്‍ പോയി കളിക്കുന്നത് എപ്പോഴും വലിയൊരു വെല്ലുവിളിയാണ്. സ്വന്തം നാട്ടില്‍ നേരിടാന്‍ ഏറ്റവും കടുത്ത ടീമാണവര്‍', എങ്കിലും എഴുതി തള്ളരുതെന്നും ദ്രാവിഡ് പറഞ്ഞു.
ലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ നിലവില്‍ 1-0 ന് മുന്നിലാണ്. രണ്ടാം ടെസ്റ്റിലും മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ഇന്ത്യ മേല്‍ക്കൈ നേടിയിട്ടുണ്ട്. പരമ്പര വിജയം ഇന്ത്യക്ക് വിലപ്പെട്ട പോയിന്റുകളും ആത്മവിശ്വാസവും നല്‍കുമെങ്കിലും വരും വഴികള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്.
ഒക്ടോബറില്‍ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഡബ്ല്യു ടി സി പോരാട്ടത്തില്‍ ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വലിയ വെല്ലുവിളി. ശേഷം ഓസ്ട്രേലിയയുമായുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുമുണ്ട്.
content highlights:rahul dravid on india world test championship final qualification chances