ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ സരാന്‍ഷ് ജെയിന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യ ടെസ്റ്റിൽ തിളങ്ങാതിരുന്ന കുൽദീപ് യാദവിന് പകരക്കാരനായാണ് ജെയിന് എത്തുക. ഗാലെ ടെസ്റ്റില്‍ കുല്‍ദീപ് 103 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.
പരിക്കുമൂലം വാഷിംഗ്ടണ്‍ സുന്ദറിന് കളിക്കാന്‍ കഴിയാതെ വന്നതോടെയാണ് മധ്യപ്രദേശ് ആഭ്യന്തര ക്രിക്കറ്റ് താരമായ മുപ്പത്തിമൂന്നുകാരനായ സരാന്‍ഷിന് ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചത്. വലംകൈയ്യന്‍ ഓഫ് സ്പിന്നറും ഇടംകൈയ്യന്‍ ബാറ്ററുമാണ് സരാന്‍ഷ്.
2014ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സരാന്‍ഷ്, ഒരു ദശാബ്ദത്തിലേറെയായി ആഭ്യന്തര റെഡ്-ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതുവരെ 181 വിക്കറ്റുകളും 2,223 റണ്‍സും താരം നേടിയിട്ടുണ്ട്.
സരാന്‍ഷിന്റെ പിതാവ് സുബോധ് ജെയിനും മധ്യപ്രദേശിനായി രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചിട്ടുള്ള വലംകൈയ്യന്‍ ഓഫ് ബ്രേക്ക് ബൗളറായിരുന്നു.
അതേസമയം, ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ മാനവ് സുതാറിന്റെ പത്ത് വിക്കറ്റ് പ്രകടനത്തിന്റെ മികവിലും ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയുടെ മികവിലും ഇന്ത്യ 165 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.
content highlights: saransh jain test debut colombo kuldeep yadav india vs sri lanka 2nd test