'ജീവിതശൈലിയാണ് പ്രധാനമെന്ന് കോഹ്ലി പറഞ്ഞു' -വിരാടിന്റെ ഉപദേശത്തെക്കുറിച്ച് സഞ്ജു സാംസണ്‍

ജീവിത ശൈലിയും ഫിറ്റ്‌നസും മെച്ചപ്പെടുത്തേണ്ടതിന് കോഹ്ലി നല്‍കിയ ഉപദേശം വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലിയില്‍ നിന്ന് ലഭിച്ച ഫിറ്റ്നസ്, ഭക്ഷണക്രമം, ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള ഉപദേശങ്ങളെക്കുറിച്ച് വെളിപ്പെടുത്തി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഞ്ജുവിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍ ജിം സെഷനിടെ വിരാട് കോഹ്ലിയോട് അന്താരാഷ്ട്ര തലത്തില്‍ വിജയകരമായ ഒരു കരിയര്‍ എങ്ങനെ കെട്ടിപ്പടുക്കാം എന്ന് ഉപദേശം ചോദിച്ചതിനെക്കുറിച്ചാണ് സഞ്ജു ഓര്‍ത്തെടുത്തത്. 'ജീവിതശൈലിക്ക് വലിയ പങ്കുണ്ടെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒരു അന്താരാഷ്ട്ര ക്രിക്കറ്ററാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വ്യത്യസ്തമായൊരു ജീവിതശൈലി തന്നെ നിങ്ങള്‍ പാലിക്കണം. തന്റെ കരിയറിലെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ഈ ഭക്ഷണം നിങ്ങളുടെ ശരീരത്തിന് വേഗത്തില്‍ റിക്കവറി നല്‍കും, ഇത് നല്‍കില്ല. അടുത്ത 10 വര്‍ഷത്തേക്ക് ഈ അച്ചടക്കം പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ചൊരു കരിയര്‍ ഉണ്ടാകും' -വിരാട് ഉപദേശിച്ചു.

വിരാടിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ ഏകദേശം ഒന്നര വര്‍ഷത്തോളം താന്‍ കൃത്യമായി പിന്തുടര്‍ന്നുവെങ്കിലും പിന്നീട് അതേ അച്ചടക്കത്തോടെ മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ലെന്നും സഞ്ജു തുറന്നു പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിലെ കടുത്ത മത്സരത്തെക്കുറിച്ചും അതില്‍ നിന്നുള്ള തന്റെ നിലപാടിനെക്കുറിച്ചും സഞ്ജു മനസ്സ് തുറന്നു. 'നമ്മുടെ നാട്ടില്‍ എപ്പോഴും വലിയ മത്സരവും ഓട്ടവുമാണുള്ളതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ഇതിന്റെ ഭാഗമാകേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. കളിയെ ആസ്വദിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ദൈവാനുഗ്രഹം കൊണ്ട് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ നേടി. എനിക്ക് ഇപ്പോള്‍ 31 വയസ്സായി. ഇനി കുറച്ചു വര്‍ഷങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ. അതിനാല്‍ സ്വന്തം നിബന്ധനകളില്‍ കളിക്കാന്‍ തീരുമാനിച്ചു. എനിക്ക് ആരും ബാറ്റിങ് പഠിപ്പിച്ചു തരേണ്ടതില്ല. സഞ്ജുവിന്റെ കാര്യത്തില്‍ സഞ്ജു തന്നെ തീരുമാനമെടുക്കും. എല്ലാ ബഹുമാനത്തോടെയും ഞാന്‍ കളി ആസ്വദിക്കും, നല്ലൊരു ടീം അംഗമായിരിക്കും,' -സഞ്ജു വ്യക്തമാക്കി.

content highlights: "Kohli Told Me Lifestyle is Key": Sanju Samson Recalls Advice from Virat Kohli

To advertise here,contact us