സ്റ്റീൽ കമ്പനിയിൽ ട്രാൻസ്പോർട്ട് കരാർ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുന്ന കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാജേഷ് ചൗഹാനെതിരെ കേസ്. കരാർ നൽകാമെന്നു പറഞ്ഞ് രാജേഷ് ചൗഹാൻ തന്റെ കൈയിൽ നിന്നു 15 ലക്ഷം രൂപ കൈപ്പറ്റി കബളിപ്പിച്ചെന്നു കാണിച്ച് ദിൻകർ വിശ്വാമിത്ര എന്നയാളാണ് പരാതിയുമായി പ്രാദേശിക കോടതിയെ സമീപിച്ചത്.
പ്രാദേശിക കോടതിയുടെ ഉത്തരവനുസരിച്ചാണ് പൊലീസ് കേസെടുത്തത്. ഗാസിയാബാദിലെ മോഹൻ നഗർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാഭാരതീയ ന്യായ സംഹിത സെക്ഷൻ 316 (2) പ്രകാരം വിശ്വാസ വഞ്ചനയാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും പൊലീസ് വ്യക്തമാക്കി.
എന്നാൽ വിഷയം ബിസിനസ് തർക്കം മാത്രമാണെന്നാണ് രാജേഷ് ചൗഹാൻ പറയുന്നത്. പരാതിക്കാരന് കുറച്ചു തുക താൻ മടക്കി നൽകിയിട്ടുണ്ടെന്നും ബാക്കി തുക തിരികെ നൽകാൻ സാധിക്കാഞ്ഞത് വ്യക്തിപരമായ ബുദ്ധിമുട്ടുകൾ കാരണമാണെന്നും രാജേഷ് ചൗഹാൻ വ്യക്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി 1993 -98 കാലയളവിൽ 21 മത്സരങ്ങൾ കളിച്ച് 41 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
Content highlights:former indian cricketer rajesh chauhan fraud-case