ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചു: പാകിസ്ഥാന്‍ താരം മുഹമ്മദ് നവാസിന് മൂന്ന് മാസത്തെ വിലക്ക്

ചട്ടലംഘനം കണ്ടെത്തിയത് ഈവര്‍ഷം ആദ്യം നടന്ന ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിന് ശേഷം നടത്തിയ ഡോപ്പ് ടെസ്റ്റില്‍

ഉത്തേജക വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) മൂന്ന് മാസത്തെ വിലക്കേര്‍പ്പെടുത്തി. വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഐസിസി ഇക്കാര്യം വ്യക്തമാക്കിയത്. ഈവര്‍ഷം ആദ്യം നടന്ന ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിന് ശേഷം നടത്തിയ ഡോപ്പ് ടെസ്റ്റിലാണ് 32 കാരനായ നവാസ് പരാജയപ്പെട്ടത്. കഞ്ചാവ് ഉപയോഗിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന 'കാര്‍ബോക്‌സി-ടിഎച്ച്‌സി' എന്ന നിരോധിത പദാര്‍ത്ഥത്തിന്റെ സാന്നിധ്യമാണ് താരത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. കായിക പ്രകടനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നല്ല ഇതെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.

താന്‍ തെറ്റ് ചെയ്തതായി സമ്മതിച്ച നവാസ്, മത്സരങ്ങള്‍ക്ക് പുറത്തുള്ള സമയത്താണ് ഇത് ഉപയോഗിച്ചതെന്നും കായിക പ്രകടനവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഐസിസിയുടെ ശിക്ഷാ നടപടികള്‍ താരം അംഗീകരിക്കുകയായിരുന്നു. വിലക്ക് നേരിട്ടെങ്കിലും, ഐസിസി നിര്‍ദ്ദേശിക്കുന്ന ലഹരിവിമുക്ത ചികിത്സാ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുകയാണെങ്കില്‍ നവാസിന്റെ വിലക്ക് ഒരു മാസമായി കുറയ്ക്കും. മെയ് ഒന്നുമുതല്‍ നവാസ് സ്വയം താല്‍ക്കാലിക വിലക്ക് നേരിട്ടിരുന്നതിനാല്‍, ഈ കാലയളവ് കൂടി കണക്കിലെടുത്ത് അദ്ദേഹത്തിന്റെ താല്‍ക്കാലിക വിലക്ക് ഐസിസി ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. ഇനി ചികിത്സാ പ്രോഗ്രാം കൃത്യമായി പൂര്‍ത്തിയാക്കിയാല്‍ ബാക്കി ശിക്ഷാ കാലാവധി താരം അനുഭവിക്കേണ്ടി വരില്ല.

ചട്ടങ്ങള്‍ പ്രകാരം ഫെബ്രുവരി ഏഴിന് നെതര്‍ലന്‍ഡ്സിനെതിരെ നടന്ന മത്സരം മുതലുള്ള നവാസിന്റെ എല്ലാ മത്സര റെക്കോര്‍ഡുകളും മെയ് ഒന്നുവരെയുള്ള പ്രകടനങ്ങളും ഐസിസി റദ്ദാക്കിയിട്ടുണ്ട്. ഈ വിലക്ക് കാരണം ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റില്‍ സറേ ക്ലബ്ബിന് വേണ്ടി കളിക്കാനുള്ള നവാസിന്റെ കരാറും റദ്ദാക്കപ്പെട്ടിരുന്നു.

content highlights: Anti-doping code breach: Pakistan player Mohammad Nawaz handed three-month ban

To advertise here,contact us