വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് മുന്നോടിയായി സംഘാടകരെ അഭിനന്ദിച്ച് ഐസിസി ചെയര്മാന് ജയ് ഷാ. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള കലാശപ്പോരാട്ടത്തിന് മുന്നോടിയായാണ് ജയ്ഷായുടെ പ്രഖ്യാപനവും അഭിനന്ദനവും. 2026-ലെ ഐസിസി വനിതാ ടി20 ലോകകപ്പ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായി മാറിയെന്ന് ഐസിസി ചെയര്മാന് ജയ് ഷാ പറഞ്ഞു. റെക്കോഡ് ജനപങ്കാളിത്തവും ആഗോളതലത്തില്‍ ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഉണ്ടായ വന്‍ പ്രേക്ഷക സ്വീകാര്യതയും അദ്ദേഹം എടുത്തുപറഞ്ഞു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ആകര്‍ഷിക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുക എന്ന ടൂര്‍ണമെന്റിന്റെ ലക്ഷ്യം പൂര്‍ത്തിയായതായി ജയ് ഷാ തന്റെ 'എക്സ്' പോസ്റ്റില്‍ കുറിച്ചു.
'ഈ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലുതാക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള റെക്കോഡ് ജനക്കൂട്ടത്തിലൂടെയും ടെലിവിഷനിലും ഡിജിറ്റലിലുമുള്ള വലിയ പ്രേക്ഷക പങ്കാളിത്തത്തിലൂടെയും നമ്മളത് കൈവരിച്ചിരിക്കുന്നു. ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ തീര്‍ച്ചയായും മികച്ച പോരാട്ടം കാഴ്ചവെക്കുന്ന ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ആശംസകള്‍ നേരുന്നു,' -ജയ് ഷാ കുറിച്ചു.
ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും പുതിയ ക്യാപ്റ്റന്മാരുടെ കീഴിലുള്ള ആദ്യ ലോകകപ്പ് ഫൈനലാണിത്. ഇംഗ്ലണ്ടിനായി നാറ്റ് സിവര്‍-ബ്രണ്ടും, ഓസ്ട്രേലിയക്കായി വിരമിച്ച അലീസ ഹീലിക്ക് പകരം സോഫി മോളീനക്സും നായകരാകും. പരസ്പരം നിരവധി തവണ കളിച്ച് പരിചയമുള്ളതിനാല്‍ ഇരുടീമുകള്‍ക്കും തന്ത്രങ്ങള്‍ നന്നായി അറിയാമെന്നും, കളിദിവസം സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ആരാണോ മികച്ച പ്രകടനം പുറത്തെടുക്കുന്നത് അവര്‍ക്കായിരിക്കും കിരീടമെന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സിവര്‍-ബ്രണ്ട് വ്യക്തമാക്കി. ലോര്‍ഡ്സിലെ നിറഞ്ഞുകവിഞ്ഞ ഗാലറിക്ക് മുന്നില്‍ ഇന്ന് ഒരു ആവേശപ്പോരാട്ടമാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്. രാത്രി എട്ടുമണിക്കാണ് കിരീടപ്പോരാട്ടം തുടങ്ങുക.
content higlights: We have achieved it'; ICC Chairman Jay Shah ahead of England-Australia final