ഐപിഎലില്‍ കൂറ്റനടിക്കാരന്‍, എന്നിട്ടും ഗില്ലിന് ടി20 ടീമില്‍ ഇടമില്ല; കാരണം പറഞ്ഞ് ബിസിസിഐ

ഇക്കഴിഞ്ഞ ഐപിഎലില്‍ 732 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്നു ശുഭ്മാന്‍ ഗില്‍. പക്ഷെ, വൈഭവ് സൂര്യവംശിയുടെ കൂറ്റനടികളില്‍ അത് അപ്രസക്തമായി. ഐപിഎലില്‍ റണ്‍സടിച്ച് കൂട്ടിയിട്ടും പക്ഷെ, ടി20 ക്രിക്കറ്റിലെ ഇന്ത്യന്‍ ടീമിലേക്ക് വൈഭവിനെ വിളിച്ചില്ല. താരത്തെ ഉള്‍പ്പെടുത്തണമെന്നും ടി20 ക്രിക്കറ്റില്‍ തന്റെ പ്രസക്തി അദ്ദേഹം വിളിച്ചുപറഞ്ഞിട്ടുണ്ടെന്നും ആരാധകരും മുറവിളി കൂട്ടിയിരുന്നു.

പക്ഷെ, ബിസിസിഐ അത് കേട്ടില്ല. മാത്രമല്ല; അദ്ദേഹത്തെ ഒഴിവാക്കിയതിന് കാരണവും നിരത്തിയിട്ടുണ്ട്. അമിത ജോലിഭാരവും പരിക്കുകളും ഒഴിവാക്കുന്നതിനായി, വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പ് വരെയുള്ള കാലയളവില്‍ റെഡ്-ബോള്‍ (ടെസ്റ്റ്) ക്രിക്കറ്റിലും ഏകദിനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സെലക്ടര്‍മാര്‍ ഗില്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി 163-നു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 732 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. ഐപിഎല്‍ കരിയറിലെ ഗില്ലിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. ടോപ് ഓര്‍ഡറില്‍ ഗില്ലിന്റെ പ്രകടനം ഗുജറാത്തിന് ഗുണമായി. സായ് സുദര്‍ശന്‍-ശുഭ്മാന്‍ ഗില്‍ സഖ്യം മികച്ച പോരാട്ടമാണ് ഗുജറാത്തിന് വേണ്ടി കാഴ്ചവെച്ചത്. എന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ഐപിഎല്ലില്‍ വിസ്മയം തീര്‍ത്ത വൈഭവ് സൂര്യവംശി എന്നിവരെല്ലാം ഓപ്പണര്‍മാരായും ടോപ്ഓര്‍ഡറിലും പരിഗണിക്കാവുന്നരായി ഉള്ളപ്പോള്‍ ഗില്ലിന് എവിടെ ഇടം നല്‍കുമെന്നത് സെലക്ടര്‍മാര്‍ക്ക് മുന്നിലെ വലിയ വെല്ലുവിളിയായി. തുടര്‍ച്ചയായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് ഗില്ലിന്റെ ഫിറ്റ്‌നസിനെ ബാധിക്കുമെന്ന ആശങ്ക സെലക്ഷന്‍ കമ്മിറ്റിക്കുണ്ട്. അടുത്ത 18 മാസത്തേക്ക് ഇന്ത്യന്‍ ടീമിനുള്ള മത്സരക്രമം അനുസരിച്ച് ഒരു കളിക്കാരന് മൂന്ന് ഫോര്‍മാറ്റിലും ഒരേപോലെ തിളങ്ങുക അസാധ്യമാണ്. അടുത്ത രണ്ട് വര്‍ഷത്തിനിടയില്‍ ഒമ്പത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളിലും 2027 ലോകകപ്പിന് മുന്‍പായി 35-ഓളം ഏകദിനങ്ങളിലും ഗില്ലിന് ഇന്ത്യയെ നയിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ രണ്ട് പ്രധാന ഐസിസി ടൂര്‍ണമെന്റുകള്‍ക്കായി താരം പൂര്‍ണ ഫിറ്റ്‌നസോടെ ഇരിക്കണമെന്ന കാര്യത്തില്‍ വ്യക്തമായ ആശയവിനിമയം നടന്നിട്ടുണ്ട്.

അതേസമയം, ടി20 ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും താരം പുറത്തല്ലെന്നും ബിസിസിഐ സൂചന നല്‍കുന്നുണ്ട്. 2028-ല്‍ നടക്കാനിരിക്കുന്ന ലോസ് ഏയ്ഞ്ചല്‍സ് ഒളിമ്പിക്‌സ്, ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് എന്നിവയ്ക്ക് മുന്നോടിയായി ഗില്‍ വീണ്ടും ടി20 ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

content highlights: Big hitter in IPL, yet no place for Gill in the T20 squad; BCCI reveals the reason

To advertise here,contact us