'ആരുടെയും നിഴലിന് കീഴില്‍ നിൽക്കാൻ ഞാനില്ല'; ശക്തമായ നിലപാടുമായി ശ്രേയസ് അയ്യര്‍

2023 ഡിസംബറിന് ശേഷം ഇതാദ്യമായാണ് ശ്രേയസ് അയ്യർ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നത്

ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ശക്തമായ നിലപാടുമായി ശ്രേയസ് അയ്യര്‍ രംഗത്ത്. ഒരു ടീമിനെ നയിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നും പക്ഷെ ആ വെല്ലുവിളിയുടെ പേരില്‍ തന്റെ വ്യക്തിത്വമോ കളിശൈലിയോ മാറ്റാന്‍ താന്‍ തയ്യാറല്ലെന്നുമാണ് ശ്രേയസ് എടുത്തിരിക്കുന്ന നിലപാട്. സൂര്യകുമാർ യാദവിന്റെ ഇന്ത്യൻ ടി20 നായകസ്ഥാനം തെറിച്ചതോടെ ഇന്ത്യ - അയര്‍ലന്‍ഡ്, ഇന്ത്യ - ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കും ഏഷ്യ കപ്പിനുമുള്ള നായകനായി കഴിഞ്ഞ ദിവസമാണ് ശ്രേയസ് അയ്യരെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്.

'എന്റെ ചെറുപ്പം മുതലേ എനിക്ക് വെല്ലുവിളികള്‍ നേരിടാന്‍ ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് കടുത്ത മത്സരമുള്ള മുംബൈ ക്രിക്കറ്റില്‍ നിന്ന് വരുമ്പോള്‍ അതൊരു ശീലമായിയും മാറും. മുംബൈയിലെ തെരുവുകളിലെ ഓരോ കുട്ടിയും ക്രിക്കറ്റില്‍ മുംബൈയെ പ്രതിനിധീകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ കരിയറിലെ വെല്ലുവിളികളെല്ലാം ജയിക്കുക എന്നതായിരുന്നു എന്റെ മാനസികാവസ്ഥ', ശ്രേയസ് അയ്യര്‍ വ്യക്തമാക്കി.

ക്യാപ്റ്റന്‍ എന്ന നിലയിലുള്ള ഈ പുതിയ പദവി വലിയൊരു വെല്ലുവിളിയാണെന്നും എന്നാല്‍ ഇതിനായി തന്റെ വ്യക്തിത്വം മാറ്റേണ്ട കാര്യമില്ലെന്നും താരം പറഞ്ഞു. താൻ മുമ്പ് എങ്ങനെയായിരുന്നു അങ്ങനെ തന്നെയായിരിക്കും ഇനിയും എന്നും മറ്റൊരാളാകാനോ, ആരുടെയും നിഴലിന് കീഴില്‍ നില്‍ക്കാനോ താന്‍ ശ്രമിക്കില്ലെന്നും ശ്രേയസ് നിലപാടറിയിച്ചു. 2023 ഡിസംബറിന് ശേഷം ഇതാദ്യമായാണ് ശ്രേയസ് അയ്യർ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നത്.

Content highlight: Shreyas Iyer bold statement not ready to stand under anyones shadow

To advertise here,contact us