ചണ്ഡീഗഡിലെ കൊടുംചൂടിലും ആവേശമായി ഇന്ത്യ - അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരം. മികച്ച പ്രകടനമാണ് ഇരുടീമുകളുടെയും താരങ്ങൾ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. എന്നാൽ, ആദ്യ ദിനത്തിലെ ആധിപത്യം തുടരാനിറങ്ങിയ ഇന്ത്യൻ ബാറ്റർമാരെ അഫ്ഗാൻ പേസ് ബോളർ മൊഹമ്മദ് സലീം വെള്ളം കുടിപ്പിച്ചു. രണ്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന ഇരുപത്തിമൂന്നുകാരനായ സലീം ഇന്ത്യയുടെ ആറ് വിക്കറ്റുകളായിരുന്നു പിഴുതത്. അതിനുള്ള മറുപടി അരങ്ങേറ്റക്കാരനായ മറ്റൊരു ഇരുപത്തിമൂന്നുകാരനിലൂടെയായിരുന്നു ഇന്ത്യ നൽകിയത്. മാനവ് സുതർ എന്നതാണ് ആ താരത്തിന്റെ പേര്. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ, എറിഞ്ഞ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടുകയെന്ന അതിഗംഭീര റെക്കോർഡിലേക്കാണ് സുതർ പന്തെറിഞ്ഞത്.
ആദ്യ ദിനം രണ്ട് സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും പിറന്ന ഇന്ത്യൻ ഇന്നിങ്സിൽ രണ്ടാം ദിനം പിറന്നത് വാഷിങ്ടൺ സുന്ദറിന്റെ അർധസെഞ്ചുറി മാത്രമായിരുന്നു. തടയിട്ടത് കൊടുംചൂടിലും തളരാതെ അതിവേഗ പന്തുകളെറിഞ്ഞ മുഹമ്മദ് സലീം. നൂറ്റിനാൽപത് കിലോമീറ്ററിലേറെ വേഗത്തിൽ ക്വിക് ആം ആക്ഷനിലൂടെ പന്ത് സീം ചെയ്യിച്ച സലിം ഇന്ത്യൻ താരങ്ങളുടെ കണക്ക് കൂട്ടലുകൾ പലപ്പോഴും തെറ്റിച്ചു. തുടർച്ചയായി ഒരേ ലെംഗ്തിൽ എറിയാതെ ഷോർട്ട് ബോളുകളും യോർക്കറുകളും മാറിമാറിയെറിയാൻ കഴിയുന്ന താരം രണ്ടാം ദിനം പിഴുതത് നാല് വിക്കറ്റ്. ആദ്യ ദിനം മൂന്ന് വിക്കറ്റിന് 368 റൺസിലെത്തിയ ഇന്ത്യക്ക് പിന്നെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ചേർക്കാനായത് 196 റൺസ് മാത്രം.
ആദ്യ ദിനം ജയ്സ്വാളിനെയും സായ് സുദർശനെയും പുറത്താക്കിയ സലിം, രണ്ടാം ദിനം ഗില്ലിനെയും ജുറൈലിനെയും അരങ്ങേറ്റതാരം മാനവ് സുതറിനെയും പിന്നെ മുഹമ്മദ് സിറാജിനയും മടക്കി. രണ്ടാം ദിനം അറുന്നൂറിനപ്പുറമുള്ള കൂറ്റൻ സ്കോർ ലക്ഷ്യമിട്ട ഇന്ത്യയെ തടഞ്ഞ് രണ്ടാം ദിനം തുടക്കത്തിൽ തന്നെ മുഹമ്മദ് സലീം തടയിട്ടു. നാൽപത്തിയെട്ട് റൺസ് കൂടി ഇന്ത്യൻ സ്കോർബോർഡിൽ എത്തിയപ്പോൾ ക്യാപ്റ്റൻ ഗില്ലിനെ വീഴ്ത്തി മുഹമ്മദ് സലീം ആദ്യ പ്രഹരമേൽപ്പിച്ചു. 36 റൺസ് കൂടി ചേർക്കുമ്പോൾ, സെഞ്ചുറിയിലേക്ക് അടുത്ത പന്തും വീണു. പിന്നാലെ ധ്രൂവ് ജുറൈൽ 19 റൺസുമായി സലീമിന് മുന്നിൽ വീണു. അവിടെ വാലറ്റക്കാരെ കൂട്ടുപിടിച്ച് വാഷിങ്ടൺ സുന്ദർ നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ അഞ്ഞൂറ് കടത്തിയത്. 41 പന്തുകൾ നേരിട്ട അരങ്ങേറ്റ താരം മാനവ് സുതർ രണ്ടുവീതം ബൌണ്ടറിയും സിക്സും പായിച്ച് 28 റൺസ് നേടി മുഹമ്മദ് സലീമിന് കീഴടങ്ങി.. 12 പന്തിൽ 4 ബൌണ്ടറിയും ഒരു കൂറ്റൻ സിക്സുമായി 22 റൺസ് അടിച്ചുകൂട്ടിയ സിറാജന്റെ കാമിയോ ഷോയ്ക്ക് തടയിട്ട് മിഡിൽ സ്റ്റംപ് പറത്തി മുഹമ്മദ് സലീം വിക്കറ്റ് നേട്ടം ആറായി ഉയർത്തി.
ഇന്ത്യ അഫ്ഗാൻ ടെസ്റ്റ് മത്സര ചരിത്രത്തിലെ ഒരു അപൂർവ റെക്കോർഡാണ് ചണ്ഡിഗഡിൽ അഫ്ഗാൻ ബോളറായ മുഹമ്മദ് സലീം നേടിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങളിൽ ആദ്യമായി അഞ്ചോ അതിലധികമോ വിക്കറ്റ് നേടിയ ആദ്യ താരമായത് ആ ഇരുപത്തിമൂന്നുകാരനാണ്. 27 ഓവറുകൾ എറിഞ്ഞതിൽ മൂന്നെണ്ണം മെയ്ഡൻ ഓവറായിരുന്നു. 140 റൺസ് മാത്രമാണ് പേരുകേട്ട ഇന്ത്യൻ ബാറ്റർമാർക്ക് മുന്നിൽ ഇത്രയും ഓവറിൽ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടക്കക്കാരനായ മുഹമ്മദ് സലീം വഴങ്ങിയതെന്നതും അഫ്ഗാൻ എന്ന രാഷ്ട്രത്തിന് താരത്തിലുള്ള പ്രതീക്ഷ വർധിപ്പിക്കുന്നു.
ബാറ്റിനെക്കാൾ വലിയ വജ്രായുധമാണ് തന്റെ പന്തേറെന്ന് സുതർ തന്റെ ആദ്യ ഓവറിൽ തന്നെ സാക്ഷ്യപ്പെടുത്തി. ബാറ്റിങ്ങിൽ ഒമ്പതാമനായിറങ്ങി 28 റൺസ് നേടിയ സുതർ, അഫ്ഗാൻ ഇന്നിങ്സിൽ ആദ്യ വിക്കറ്റ് പിഴുത് പന്തുകൊണ്ടും വരവറിയിച്ചു. ടെസ്റ്റിൽ ആദ്യ ഓവറിൽ തന്നെ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയിലേക്കാണ് സുതർ കടന്നിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ എറിഞ്ഞ നാലാം പന്ത് തന്നെ, അഫ്ഗാൻ ഓപ്പണറുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഫീൽഡറുടെ കയ്യിലെത്തി. ആദ്യ പന്ത് തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. പുഷ് ഡ്രൈവിന് ശ്രമിച്ച മാലികിനെ മറികടന്ന് പന്ത് സ്പിൻ ചെയ്ത് പോയി. രണ്ടും മൂന്നും പന്തുകൾ ഓഫ്സ്റ്റംപ് ലൈനിന് പുറത്ത് കുത്തി ടേൺ ചെയ്തു. വീണ്ടും അതേ പന്ത് പ്രതീക്ഷിച്ച് ഓഫ് സ്റ്റംപ് ലൈനിലേക്ക് നീങ്ങി ലെഗ് സൈഡിലേക്ക് കൂറ്റനടിക്ക് ശ്രമിച്ച മാലികിനെ കബളിപ്പിച്ച്, പന്ത് ബാറ്റിൽ ടോപ് എഡ്ജായി സ്ലിപ്പിലേക്കുയർന്ന് സിറാജിന്റെ കൈകളിൽ അവസാനിച്ചു. ആ പന്ത് ബുദ്ധിപൂർവം ചിന്തിച്ചു കളിക്കുന്ന ഒരു ബോളറുടെ തെളിവായിരുന്നു.
ടെസ്റ്റ് അരങ്ങേറ്റത്തിൽ ആദ്യ ഓവറിൽ തന്നെ വിക്കറ്റെടുത്ത മൂന്നാമത്തെ ബോളറാണ് മാനവ് സുതർ. ഇംഗ്ലണ്ടിനെതിരെ നാലാം പന്തിൽ വിക്കറ്റെടുത്ത ടിനു യോഹന്നാനും, ശ്രീലങ്കക്കെതിരെ തന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്ത നീലേഷ് കുൽക്കർണിയുമാണ് മുൻഗാമികൾ. ടീമിലുണ്ടായിരുന്ന ഹർഷ് ദുബെയെന്ന ഇടംകൈ സ്പിൻ ഓൾറൌണ്ടറെ മറികടന്നതാണ് അന്തിമ ഇലവനിൽ സുതറിനെ ഉൾപ്പെടുത്തിയത്. ആ തീരുമാനം തെറ്റായില്ലെന്ന് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ തെളിയിച്ച സുതർ ഒന്നുകൂടി പ്രഖ്യാപിക്കുന്നു. ജഡേജയ്ക്കും അക്സറിനും ശേഷം ഇടംകൈ സ്പിൻ കരുത്തായി താൻ ഉണ്ടാകുമെന്ന്.
Content highlight: Chandigarh test match India vs Afghanistan 2026 youngsters shine