'ഇങ്ങനെയെങ്കിൽ ക്രിക്കറ്റിലെ ടെസ്റ്റ് പരമ്പരകള്‍ പൂര്‍ണമായും ഇല്ലാതാകും', മുന്നറിയിപ്പുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുന്‍ ചെയര്മാന് ലളിത് മോദി. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വിപ്ലവകരമായ വാണിജ്യ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പ് അപകടത്തിലാകുമെന്നും ലളിത് മോദി ചൂണ്ടികാണിക്കുന്നു. ലണ്ടനില്‍ എഎന്‍ഐയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
'ടെസ്റ്റ് പരമ്പരകൾ അധികകാലം മുന്നോട്ട് പോകില്ല. സ്റ്റേഡിയങ്ങളിൽ കാണപ്പെടുന്ന കാണികളുടെ കുറവ് പരിഹരിക്കാന്‍ അഞ്ച് ദിവസത്തെ ടെസ്റ്റുകള്‍ക്ക് പകരം നാല് ദിവസത്തെ പകല്‍ - രാത്രി മത്സരങ്ങളാണ് ഇനി നടത്തേണ്ടത്. കായിക നിലവാരവും ദേശീയ വികാരവും നിലനിര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ആഗോളതലത്തില്‍ നടക്കുന്ന രാജ്യാന്തര ലോക ചാമ്പ്യന്‍ഷിപ്പ് ഫോര്‍മാറ്റ് ടെസ്റ്റില്‍ നടപ്പിലാക്കണം', ലളിത് മോദി തന്റെ നിർദ്ദേശം മുന്നോട്ടുവച്ചു. ക്രിക്കറ്റ് കലണ്ടര്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഏകദിന മത്സരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും പകരം ടെസ്റ്റ് ക്രിക്കറ്റ് നിലനില്ക്കണമെന്നും ക്രിക്കറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്ന പറയുന്നത് ടെസ്റ്റ് തന്നെയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതോടൊപ്പം മറ്റ് മത്സരങ്ങളിലേത് പോലെ തന്നെ ടെസ്റ്റ് ക്രിക്കറ്റിലേക്കും യുവതലമുറയെയും ആരാധകരെയും ആകര്‍ഷിക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് സ്വന്തമായി ടെസ്റ്റ് ടീമുകളെ നല്‍കണമെന്ന വിപ്ലവകരമായ നിർദേശവും അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്കുള്ള പ്രാധാന്യം നിലനിർത്തണം, ഒപ്പം ക്ലബ്ബ് തലത്തില്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ സീസണില്‍ ഒരു പ്രദര്‍ശന മത്സരമെങ്കിലും ടെസ്റ്റില്‍ സംഘടിപ്പിക്കുകയും വേണം എന്നതാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.
Content highlight: Lalit Modi suggests scrap ODI to save Test Cricket