ഐപിഎലിനിടെയുണ്ടാകുന്ന വിവാദങ്ങളിൽ പലതും മുന്‍കൂട്ടി തിരക്കഥ തയാറാക്കിയവയാണെന്ന് മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദി. വ്യൂവര്‍ഷിപ് റേറ്റിങ് കുറയുമ്പോള്‍ ഐപിഎല്‍ മാനേജ്മെന്റ് വാര്‍ത്തകളുണ്ടാക്കി മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ലളിത് മോദി അഭിമുഖത്തില്‍ പറഞ്ഞു.
റേറ്റിങ് കുറയുമ്പോള്‍ ഓരോ വിവാദങ്ങളുണ്ടാക്കുമെന്നും അതു സ്വാഭാവികമായൊരു വിവാദമാണെന്ന് ആളുകള്‍ക്ക് തോന്നുമെങ്കിലും അങ്ങനെയല്ലെന്നും ലളിത് മോദി പറഞ്ഞു. ‘എന്റെ കൂടെ ജീവനക്കാരും രാഷ്ട്രീയക്കാരും ആളുകളും ഉണ്ടായിരുന്നപ്പോള്‍ അതെല്ലാം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയായിരുന്നു. ഒന്നും യാദൃശ്ചികമായി സംഭവിച്ചതല്ല.’– ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്കിയ അഭിമുഖത്തിൽ ലളിത് മോദി തുറന്നുപറഞ്ഞു.
ഐപിഎല്‍ സീസണിനിടെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായിരുന്ന ഒരു താരവും ചീയര്‍ ലീഡറായ യുവതിയുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നില്‍ താനാണെന്നും അത് ടൂര്‍ണമെന്റിന്റെ റേറ്റിങ് ഉയര്‍ത്തിയെന്നും ലളിത് മോദി വെളിപ്പെടുത്തി. ‘ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായിരുന്ന ഒരു താരവും ചീയര്‍ലീഡറുമായി ബന്ധമുണ്ടായിരുന്നു. എനിക്ക് അതിനെ പറ്റി വിവരം ലഭിച്ചു. ഈ വിവരം ഞങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി, ഞങ്ങള്‍ക്കൊരു വിവാദം വേണമായിരുന്നു.’– ലളിത് മോദി പറഞ്ഞു.
പിന്നീട് ചീയര്ലീഡറെ ആ താരം വിവാഹം ചെയ്തെങ്കിലും അതു തങ്ങളുടെ തിരക്കഥയില്‍ ഇല്ലായിരുന്നെന്നും ലളിത് മോദി പറഞ്ഞു. ‘വാര്‍ത്ത പുറത്തുവിടാന്‍ മാത്രമായിരുന്നു ഞങ്ങളുടെ തിരക്കഥ, വിവാഹം ഞങ്ങളുടെ പദ്ധതിയല്ലായിരുന്നു. ഇതോടെ എല്ലാവരുടെയും ശ്രദ്ധ ഐപിഎലിലേക്ക് തിരിഞ്ഞു. റേറ്റിങ് കുതിച്ചുയര്‍ന്നു. ഐപിഎലിന്റെ ഏറ്റവും പ്രധാനപ്പെട്ട തൂണ് വിവാദങ്ങളാണ്.’– ലളിത് കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീ കോക്കും ചിയർ ഗേളായിരുന്ന സാഷ ഹർലിയും തമ്മിലുള്ള ബന്ധത്തെയാണ് ലളിത് മോദി സൂചിപ്പിച്ചത്.
Content highlight: lalit-modi-shocking-revelation-player-cheerleader-relationship-leaked-for-ipl-ratings