നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് വിരാട് കോഹ്ലി ഒരു ഐപിഎല്‍ കിരീടം നേടിയത്. പിന്നീടിതാ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കപ്പില്‍ മുത്തമിട്ടിരിക്കുന്നു. 37-കാരന്റെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് രണ്ടാം കിരീടനേട്ടവും. 37- വയസ്സിലും കളി മെച്ചപ്പെടുത്തുന്നതിലാണ് വിരാട് കോഹ്ലിയുടെ ശ്രദ്ധ. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി കരിയറിലെ ഏറ്റവും വേഗമേറിയ ടി20 അര്‍ധസെഞ്ചുറി കുറിച്ചുകൊണ്ടാണ് ഇത്തവണ ടീമിനെ വിജയത്തിലേക്ക് നയിച്ചതെന്ന് എടുത്തുപറയേണ്ടതാണ്. താരത്തിന്റെ മികവ് വീണ്ടും മെച്ചപ്പെടുന്നത് ടീമിനും ആത്മവിശ്വാസമേറ്റുകയാണ്.
ഫൈനലില്‍ കോഹ്ലി പുറത്താകാതെ നേടിയ 75 റണ്‍സാണ് ആര്‍സിബിയുടെ രണ്ടാം ഐപിഎല്‍ കിരീടനേട്ടത്തിന് വഴിവെച്ചത്. 'കിരീടം നേടിക്കൊടുക്കുന്ന ഇന്നിങ് റണ്‍സ് അടിക്കുക എന്നത് വലിയൊരു സ്വപ്നമായിരുന്നുവെന്നും ഈ നിമിഷത്തെക്കുറിച്ച് ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ടെന്നും' മത്സരശേഷം കോഹ്ലി പറഞ്ഞു. സീസണില്‍ തന്റെ കളിശൈലി മാറ്റാന്‍ പ്രേരിപ്പിച്ചത് 15 വയസ്സുകാരനായ വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങളുടെ സാന്നിധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈഭവ് സൂര്യവംശിയുടെ മികച്ച ഇന്നിങ്സുകള്‍ ഐപിഎലില്‍ പല റെക്കോഡുകളും ഭേദിച്ചിരുന്നു.
വെറും 25 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി നേടിയതിനെക്കുറിച്ചും കോഹ്ലിയോട് ചോദ്യമുയര്‍ന്നു. 'താന്‍ ഇപ്പോഴും ക്രിക്കറ്റിലെ ഒരു വിദ്യാര്‍ഥിയാണ്. യുവതാരങ്ങള്‍ കളിയില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ 37-ാം വയസ്സിലും കളിശൈലിക്ക് പകരം ചിന്താഗതിക്ക് മാറ്റംവരുത്തി. ബൗളര്‍മാരെ കൂടുതല്‍ ആക്രമിച്ചുകളിച്ച് റണ്‍സ് കണ്ടെത്താന്‍ ഇത് തന്നെ സഹായിച്ചു' -കോലി പറയുന്നു. സീസണില്‍ ടീമിലെ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്തുവെന്നും കോഹ്ലി പറഞ്ഞു. ആദ്യത്തെ 10 മത്സരങ്ങളില്‍ എട്ട് വ്യത്യസ്ത കളിക്കാരാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. ജോഷ് ഹേസല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി, ക്രുണാല്‍ പാണ്ഡ്യ, രസിഖ് സലാം ദര് തുടങ്ങിയ ലോകോത്തര ബൗളര്‍മാരുടെ പ്രകടനം ടീമിന് വലിയ ആത്മവിശ്വാസം നല്‍കിയതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
content highlights: 'I am a student in cricket; it’s the young players who inspire me to change my playing style' - Kohli