ഐപിഎൽ കിരീടം ബെംഗളുരുവിൽ തുടരും; തുടർച്ചയായി രണ്ടാം വർഷവും കപ്പിൽ മുത്തമിട്ട് പാട്ടിദാറും സംഘവും

ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ആർസിബി തുടർച്ചയായ രണ്ടാം വർഷവും കപ്പിൽ മുത്തമിട്ടത്

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റുകൾക്ക് തകർത്താണ് ആർസിബി തുടർച്ചയായി രണ്ടാം വർഷവും കപ്പിൽ മുത്തമിട്ടത്. ബെംഗളുരുവിലെ സ്റ്റാർ പ്ലെയർ വിരാട് കോഹ്‌ലിയുടെ ഒറ്റയാൾ പ്രകടനമാണ് കിരീട നേട്ടത്തിൽ നിർണായകമായത്. 42 പന്തുകളിൽ നിന്ന് പുറത്തകാതെ 75 റൺസാണ് താരം ഇന്ന് അഹ്മദാബാദ് സ്റ്റേഡിയത്തിൽ അടിച്ചുകൂട്ടിയത്. ഒൻപത് ബൗണ്ടറികളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നത്തെ ഇന്നിങ്‌സ്.

ബെംഗളൂരു ഓപണർ വെങ്കടേഷ് അയ്യരും മത്സരത്തിൽ മികച്ചുനിന്നു. രണ്ട് സിക്സറുകളും നാല് ബൗണ്ടറികളും അടക്കം പതിനാറ് പന്തിൽ നിന്ന് 32 ബൗളുകളാണ് വെങ്കടേഷ് അയ്യർ ജിടിക്കെതിരെ നേടിയത്. ടിം ഡേവിഡ് (24), നായകൻ രജത് പാട്ടിദാർ (15), ജിതേഷ് ശർമ (11)*, എന്നിവരും കളിയിൽ മികച്ചുനിന്നു. ബൗളർമാരുടെ പ്രകടനവും മത്സരത്തിൽ നിർണായകമായിരുന്നു. നാല് ഓവറിയിൽ 27 റൺസ് വഴങ്ങി റാസിഖ് സലാം മൂന്ന് വിക്കറ്റുകൾ നേടി. ആ നേട്ടങ്ങൾ ഗുജറാത്തിന്റെ തകർക്കുന്നതിൽ നിർണായകമായിരുന്നു. നാല് ഓവറിൽ 29 റൺസ് വഴങ്ങി ഭുവിയും 37 റൺസ് വഴങ്ങി ഹേസൽവുഡും രണ്ട് വിക്കറ്റുകൾ വീതവും നേടി.

എന്നാൽ, ആദ്യ ബാറ്റ് ചെയ്യാനെത്തിയ ഗുജറാത്ത് ടൈറ്റന്‍സിന് വെടിക്കെട്ട് ഓപ്പണിങ് സമ്മാനിക്കുന്നവര്‍ക്ക് ഫൈനലില്‍ പിഴച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനും (12) ശുഭ്മാന്‍ ഗില്ലും (10) അതിവേഗം മടങ്ങിയതോടെ ഗുജറാത്തിന്റെ കാര്യങ്ങള്‍ അവതാളത്തിലായി. ഇതോടെ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ ടീം എടുത്തത് 155 റണ്‍സ് മാത്രം. വാഷിങ്ടണ്‍ സുന്ദറിന്റെ (37 പന്തില്‍ 50) പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

Content highlight: IPL 2026: Royal Challangers Bengaluru champions

To advertise here,contact us