ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് യുവ ഓപ്പണർ യശസ്വി ജയ്സ്വാളിനെ ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ജയ്സ്വാളിന് ഇടം നൽകാതിരുന്നത് ശരിയായായില്ല. അടുത്തിടെ കളിച്ച മത്സരത്തിൽ സെഞ്ച്വറി നേടിയിട്ടും ജയ്സ്വാളിനെ ടീമിൽ ഉൾപ്പെടുത്താത്തത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ജയ്സ്വാളിന്റെ അവസാന ഇന്നിങ്സിൽ അദ്ദേഹം പുറത്താകാതെ 116 റൺസ് അടിച്ചെടുത്തിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ടീമിൽ അവസരം ലഭിക്കുന്നില്ല. പകരം ഫോമിനെയും ഫിറ്റ്നസിനെയും കുറിച്ച് വലിയ സംശയങ്ങളുള്ള ഒരു സീനിയർ താരത്തെയാണ് സെലക്ടർമാർ പിന്തുണയ്ക്കുന്നത്. എന്താണ് ഇതിലൂടെ സെലക്ടർമാർ ഉദ്ദേശിക്കുന്നത്? മഞ്ജരേക്കർ ചോദിച്ചു.
ആദ്യം ജയ്സ്വാളിനെ വിളിച്ച് മാപ്പ് പറയണമെന്നും രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്തേണ്ട സാഹചര്യം എന്താണെന്ന് സെലക്ടർമാർ താരത്തെ ബോധ്യപ്പെടുത്തണം എന്നും അദേഹം കൂട്ടിച്ചേർത്തു.
'ടെസ്റ്റ് ക്രിക്കറ്റിൽ കഴിവ് തെളിയിച്ച താരമാണ് ജയ്സ്വാൾ. വെറും 24 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹത്തിന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയിൽ വലിയ പങ്കുണ്ട്. അത്തരമൊരു താരത്തെ മാറ്റിനിർത്തി മുന്നോട്ട് പോകുന്നത് എന്ത് സന്ദേശമാണ് നൽകുന്നത്?' എന്നും അദ്ദേഹം ചോദിച്ചു.
രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിന്റെ പ്രധാന ഏകദിന താരമായി രോഹിത് ശർമ തുടരുമോ എന്ന ചോദ്യത്തിന് ഇപ്പോൾ തന്നെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. രോഹിതിന് പകരം ജയ്സ്വാൾ, സായ് സുദർശൻ പോലുള്ള യുവതാരങ്ങൾക്കാണോ അവസരം നൽകേണ്ടത് എന്ന് സെലക്ടർമാർ ആലോചിക്കണമെന്നും മഞ്ജരേക്കർ വ്യക്തമാക്കി.
Content highlights: