സഞ്ജു ക്യാപ്റ്റനാകും !; വൈഭവും ലിസ്റ്റിൽ; ഏഷ്യൻ ഗെയിംസിനുള്ള 30 അംഗ സാധ്യത പട്ടികയുമായി BCCI

പട്ടികയില്‍ ടെസ്റ്റ്, ഏകദിന നായകന്‍ ശുഭ്മാന്‍ ഗില്‍, ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇടംപിടിച്ചിട്ടില്ല.

ഈ വര്‍ഷം ജപ്പാനില്‍ അരങ്ങേറുന്ന ഏഷ്യന്‍ ഗെയിംസില്‍ ടി20 ക്രിക്കറ്റുമുണ്ട്. ഇതിന്റെ ഭാഗമായി 30 അംഗ താരങ്ങളുടെ പട്ടിക ബിസിസിഐ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനു കൈമാറിയെന്നു വിവരം. ഈ വര്‍ഷം സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനിലെ ആയ്ചി നഗോയയിലാണ് ഏഷ്യന്‍ ഗെയിംസ് പോരാട്ടങ്ങള്‍. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മത്സരം.

പട്ടികയില്‍ ടെസ്റ്റ്, ഏകദിന നായകന്‍ ശുഭ്മാന്‍ ഗില്‍, ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇടംപിടിച്ചിട്ടില്ല. ഐപിഎല്ലില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ 15കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി, മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അടക്കമുള്ള താരങ്ങളുണ്ട്. ഈ 30 പേരില്‍ നിന്നായിരിക്കും ടൂര്‍ണമെന്റിനുള്ള ഇന്ത്യയുടെ അന്തിമ സംഘത്തെ തിരഞ്ഞെടുക്കുക.

ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തിനിടെ ഇന്ത്യ നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസുമായി വൈറ്റ് ബോള്‍ പരമ്പര കളിക്കുന്നുണ്ട്. ഇതും മുന്നില്‍ കണ്ടാണ് ബിസിസിഐ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിനും വിന്‍ഡീസിനെതിരായ പരമ്പരയ്ക്കും രണ്ട് വ്യത്യസ്ത ടീമുകളുണ്ടാകും. 3 ഏകദിനങ്ങളും 5 ടി20 പോരാട്ടവുമാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. ഈ പരമ്പരകള്‍ സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള സമയത്താണ് അരങ്ങേറുന്നത്.

ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തിനുള്ള ഇന്ത്യ ടി20 ടീമിനെ ആര് നയിക്കും എന്നതും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റു നോക്കുന്നു. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ എന്നിവരില്‍ ഒരാള്‍ ക്യാപ്റ്റനാകും എന്നത് ഉറപ്പാണ്. ബിസിസിഐ ഇപ്പോള്‍ നല്‍കിയിരിക്കുന്ന പട്ടികയില്‍ ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ, ഋഷഭ് പന്ത് അടക്കമുള്ളവരുടെ പേരുകളുമുണ്ട്.

30 അംഗ പട്ടിക

യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, തിലക് വര്‍മ, ജസ്പ്രിത് ബുംറ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി, അനുകുല്‍ റോയ്, ആയുഷ് ബദോനി, ഹര്‍ഷ് ദുബെ, ധ്രുവ് ജുറേല്‍, ഖലീല്‍ അഹമദ്, ഋതുരാജ് ഗെയ്ക്‌വാദ്, രവി ബിഷ്‌ണോയ്, ഷഹബാസ് അഹമദ്, ശിവം ദുബെ, വിപ്രജ് നിഗം, ഹര്‍ഷിത് റാണ, യഷ് ഠാക്കൂര്‍, വാഷിങ്ടന്‍ സുന്ദര്‍.

Content highlights:

To advertise here,contact us