'അവൻ മുംബൈ പോലുള്ള ടീമിലേക്ക് മാറുന്നതാണ് നല്ലത്'; യശസ്വി ജയ്സ്വാളിന് ഉപദേശവുമായി അംബാട്ടി റായുഡു

ഇന്ത്യക്കായി 55 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച, ജയ്‌സ്വാളിന്‍റെ ഏഴാമത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണാണിത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്‌സ്വാൾ സഹഓപ്പണർ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനങ്ങളുടെ നിഴലായിപ്പോയെന്ന് ഇന്ത്യൻ മുൻ താരം അംബാട്ടി റായുഡു. തന്‍റെ യഥാർത്ഥ കഴിവ് പുറത്തുകൊണ്ടുവരാൻ ജയ്സ്വാള്‍ ആർആർ വിട്ട് മുംബൈ ഇന്ത്യൻസ് പോലുള്ള ടീമുകളിലേക്ക് മാറണമെന്നാണ് റായുഡുവിന്റെ അഭിപ്രായം. ഇഎസ്പിഎൻ ക്രിക്ഇൻഫോയിൽ സംസാരിക്കവെ ആയിരുന്നു റായുഡുവിന്റെ പ്രതികരണം.

'ജയ്‌സ്വാൾ ടീം മാറേണ്ടതുണ്ട്. കാരണം വൈഭവിനൊപ്പം ബാറ്റ് ചെയ്യുമ്പോൾ ഇപ്പോഴും അവൻ നിഴലാവുകയാണ്. എന്നാൽ, ജയ്‌സ്വാൾ സ്വന്തം നിലയിൽ വലിയൊരു സൂപ്പർസ്റ്റാറാണ്. മറ്റൊരു ടീമിലേക്ക് പോവുകയാണെങ്കിൽ അവന് ഒറ്റയ്ക്ക് മത്സരങ്ങൾ ജയിപ്പിക്കാൻ സാധിക്കും. അവന് അതിനുള്ള സ്വന്തം സ്പേസും പ്ലാറ്റ്‌ഫോമും ഇപ്പോൾ ആവശ്യമാണ്. വൈഭവിന്‍റെ ഈ കുതിപ്പിനെ ഉൾക്കൊള്ളാനും അതിൽ സന്തോഷിക്കാനും കഴിയുന്ന, നോൺ-സ്ട്രൈക്കറുമായി മത്സരിക്കാത്ത ഒരു സീനിയർ പാർട്ണറാണ് രാജസ്ഥാന് ഇനി വേണ്ടത്', റായുഡു അഭിപ്രായപ്പെട്ടു. മാത്രമല്ല, രാജസ്ഥാൻ വിടുകയാണെങ്കിൽ ജയ്‌സ്വാളിന് ഏറ്റവും അനുയോജ്യമായ ടീം മുംബൈ ഇന്ത്യൻസ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കായി 55 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച, ജയ്‌സ്വാളിന്‍റെ ഏഴാമത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണാണിത്. എന്നാൽ, മറുവശത്ത് വൈഭവ് സൂര്യവംശി കളിക്കുന്നത് തന്‍റെ കരിയറിലെ രണ്ടാം ഐപിഎൽ സീസണും. എങ്കിൽ പോലും റൺവേട്ടയിലും ജനപ്രീതിയിലും വൈഭവനേക്കാൾ ജയ്‌സ്വാൾ ബഹുദൂരം പിന്നിലാണ്. ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 426 റൺസ് നേടിയ ജയ്‌സ്വാളിന്‍റെ പ്രകടനം മികച്ചത് തന്നെയാണ്. എങ്കിലും താരത്തിന്റെ പ്രതിഭ സഹഓപ്പണറുടെ പ്രകടനത്തിൽ മുങ്ങിപ്പോയി എന്നതാണ് റായുഡുവിന്റെ അഭിപ്രായം. അതേസമയം വിരാട് കോഹ്‌ലിയെ പോലും പിന്നിലാക്കിയാണ് വൈഭവന്റെ റൺവേട്ട. ഈ സീസണിൽ ഇതുവരെ 680 റൺസും താരം സ്വന്തമാക്കി.

Content highlight: Ambati Rayudu advises Yashasvi Jaiswal to join Mumbai Indians

To advertise here,contact us