ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രണ്ടാം കിരീടത്തിലേക്കുള്ള യാത്രയിലാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. മികച്ച സംഘമെന്ന ഖ്യാതിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കരുത്ത്. എന്നാല്‍, അപ്രതീക്ഷിതമായി ടീമില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതിന്റെ വേദനയിലാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പേസര്‍ യഷ് ദയാല്‍. ഐ.പി.എല്‍. സീസണില്‍നിന്ന് വിട്ടുനിന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ലെന്ന് താരം പറഞ്ഞു. സീസണില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം അധികൃതരുടേതായിരുന്നു. ഇതിന്റെ കൃത്യമായ കാരണം തനിക്കറിയില്ല. പുറത്തിരുന്ന് ടെലിവിഷനില്‍ ടീമിന്റെ മത്സരങ്ങള്‍ കാണുമ്പോള്‍ വിഷമം വരുമെന്നും ദയാല്‍ 'ടോക്ക് വിത്ത് മാനവേന്ദ്ര' എന്ന യുട്യൂബ് ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞു. തന്നെ പുറത്താക്കിയിട്ടില്ല. താനൊരു പ്രധാന താരമാണെന്ന് ടീം വിശ്വസിക്കുന്നതുകൊണ്ടാകം ഇപ്പോഴും തനിക്ക് പകരക്കാരനെ കണ്ടെത്താന്‍ ശ്രമിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ടീമിനെ മിസ്സ് ചെയ്യുന്നുണ്ട്. ടീമിന് തന്നെ മിസ്സ് ചെയ്യുന്നുണ്ടോ എന്നറിയില്ല. മത്സരിക്കുന്നില്ലെങ്കിലും ടീം മാനേജ്മെന്റുമായും ദിനേഷ് കാര്‍ത്തിക്കിനെപ്പോലെയുള്ള താരങ്ങളുമായും ഇപ്പോഴും ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ദയാല്‍ പറഞ്ഞു.
വിവാഹവാഗ്ദാനം നല്കി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ദയാലിനെതിരെ കേസുണ്ട്. ഈ കേസില്‍ അലഹാബാദ് ഹൈക്കോടതിയില്‍നിന്ന് അദ്ദേഹത്തിന് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സംരക്ഷണം ലഭിച്ചിരുന്നു. എന്നാല്‍, രാജസ്ഥാനിലെ ജയ്പുരില്‍ രജിസ്റ്റര്‍ചെയ്ത മറ്റൊരു പോക്സോ കേസില്‍ രാജസ്ഥാന് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിച്ചില്ല. പോക്സോ കേസാണെന്ന ഗൗരവം കണക്കിലെടുത്താണ് കോടതി നടപടി. ജയ്പൂരിലെ സാംഗനീര്‍ സദര്‍ പോലീസ് സ്റ്റേഷനിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ജയ്പൂരില്‍ നടന്ന ഒരു ഐപിഎല്‍ മത്സരത്തിനിടെ ദയാലിനെ പരിചയപ്പെട്ടെന്നും തുടര്‍ന്നുള്ള രണ്ടുവര്‍ഷക്കാലം താന്‍ ലൈംഗിക പീഡനത്തിനിരയായെന്നുമാണ് പെണ്‍കുട്ടി ആരോപിച്ചിരുന്നത്. ക്രിക്കറ്റ് കരിയറില്‍ സഹായിക്കാമെന്ന് വാഗ്ദാനംനല്‍കി തന്നെ വൈകാരികമായി ചൂഷണം ചെയ്തതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ഈ നിയമപ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം നടന്ന യു.പി. ടി20 ലീഗിലും ദയാലിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഗോരഖ്പൂര്‍ ലയണ്‍സ് 7 ലക്ഷം രൂപയ്ക്കായിരുന്നു അന്ന് താരത്തെ ടീമിലെടുത്തിരുന്നത്. കേസ് ഭയന്നാണ് താരത്തെ ആര്‍സിബി ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍, വ്യക്തിപരമായ ചില സാഹചര്യങ്ങള്‍ കാരണം യഷ് ദയാല്‍ ഇത്തവണ കളിക്കില്ലെന്ന് ആര്.സി.ബി. ക്രിക്കറ്റ് ഡയറക്ടര്‍ മോ ബോബറ്റ് അറിയിച്ചിരുന്നു. ഇത് ദയാലിന്റെയും ടീമിന്റെയും നന്മയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
content highlights: Don't know why I was benched; missing the team - Yash Dayal