'ഗ്രൗണ്ടിലെ കലിപ്പ് അവിടെ തീർക്കണം, കോഹ്‌ലി തരം താഴരുത്'; വിമർശനവുമായി വസീം ജാഫർ

കോഹ്‌ലി ഹാൻഡ്‌ഷേക്ക് നൽകാതെ മടങ്ങിയതും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി തുടരുകയാണ്

ഐപിഎല്ലിൽ വിരാട് കോഹ്‌ലിയും ട്രാവിസ് ഹെഡും തമ്മിലുണ്ടായ വമ്പൻ വാക്പോരും അതിന് പിന്നാലെ കോഹ്‌ലി ഹാൻഡ്‌ഷേക്ക് നൽകാതെ മടങ്ങിയതും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി തുടരുകയാണ്.

ഇപ്പോഴിതാ ഈ വിഷയത്തിൽ വിരാട് കോഹ്‌ലിയുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം വസീം ജാഫർ രംഗത്തെത്തിയിരിക്കുകയാണ്. ഗ്രൗണ്ടിലെ കലിപ്പ് അവിടെത്തന്നെ തീർക്കണമായിരുന്നുവെന്നും കോഹ്‌ലി ഹാൻഡ്‌ഷേക്ക് ചെയ്യണമായിരുന്നു എന്നുമാണ് ജാഫർ പറയുന്നത്.

മൈതാനത്ത് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെങ്കിലും കോഹ്‌ലി കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു എന്ന് ജാഫർ പറഞ്ഞു. "അവിടെ എന്താണ് സംഭവിച്ചതെന്ന് നമുക്ക് പൂർണ്ണമായി അറിയില്ല. ഓസ്‌ട്രേലിയൻ കളിക്കാർ പൊതുവെ ഗ്രൗണ്ടിൽ കടുത്ത രീതിയിൽ പെരുമാറുന്നവരാണ്. അവർ കളിക്കാരെ സ്ലെഡ്ജ് ചെയ്തുകൊണ്ടേയിരിക്കും. എന്നാൽ വിരാട് കോഹ്‌ലിയെ ചൊടിപ്പിച്ചാൽ എന്താണ് സംഭവിക്കുക എന്ന് എല്ലാവർക്കും അറിയാം. അവിടെ എന്ത് തന്നെ ഉണ്ടായാലും മത്സരശേഷം കോഹ്‌ലി ഹാൻഡ്‌ഷേക്ക് ചെയ്യണമായിരുന്നു. ആ കാര്യങ്ങൾ അവിടെത്തന്നെ അവസാനിക്കേണ്ടതായിരുന്നു. ജാഫർ വ്യക്തമാക്കി.

മത്സരത്തിനിടയിൽ ട്രാവിസ് ഹെഡിനെ പന്തെറിയാൻ കോഹ്‌ലി വെല്ലുവിളിക്കുകയും, താൻ പന്തെറിഞ്ഞാൽ കോഹ്‌ലി ഡ്രസ്സിംഗ് റൂമിലേക്ക് ഓടേണ്ടി വരുമെന്ന് ഹെഡ് തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നുള്ള കലിപ്പിലാണ് മത്സരശേഷം കോഹ്‌ലി ഹെഡിന് കൈകൊടുക്കാതെ മടങ്ങിയത്. വരും ദിവസങ്ങളിലും ഈ വിവാദം ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചയായി തുടരുമെന്ന് ഉറപ്പാണ്.

content highlights:wasim-akram-criticizes-virat-kohli-no-handshake-controversy-ipl-2026-malayalam-news

To advertise here,contact us