നാണക്കേടായല്ലോ; കോഹ്‌ലിയുമായുള്ള തർക്കത്തിൽ ഹെഡിന്റെ ഭാര്യക്ക് നേരെ സൈബർ അറ്റാക്ക്

ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടായി മറ്റൊരു സംഭവം.

ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടായി മറ്റൊരു സംഭവം. ഐപിഎല്ലിനിടെ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോലിയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഓസീസ് താരം ട്രാവിസ് ഹെഡും തമ്മില്‍ പ്രശ്‌നമുണ്ടായതിന് പിന്നാലെ ഹെഡിന്‍റെ പത്നിക്ക് ഇന്ത്യന്‍ ആരാധകരുടെ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു.

സമൂഹ മാധ്യമങ്ങളില്‍ ഹെഡിന്‍റെ ഭാര്യ ജെസീക്ക ഹെഡിനെതിരെ മോശം പ്രയോഗങ്ങള്‍ നടത്തുകയായിരുന്നു വിരാടിന്റെ ആരാധകര്‍. ഇതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലുടനീളം വിരാട് ട്രാവിസ് ഹെഡിനെ സ്ലെഡ്‌ജ് ചെയ്യുന്നുണ്ടായിരുന്നു. നോണ്‍-സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് പന്തെറിയാന്‍ വിരാട് ഹെഡിനെ വെല്ലുവിളിക്കുകയും ഒരു ഘട്ടത്തില്‍ ഹെഡിനോട് അവിടെനിന്ന് മാറിപ്പോകാന്‍ ആംഗ്യം കാണിക്കുകയും ചെയ്‌തു.

ഒടുവില്‍ മത്സരത്തിന്‍റെ പതിനെട്ടാം ഓവര്‍ എറിയാന്‍ എത്തിയ ഹെഡ്, തന്‍റെ രണ്ടാമത്തെ പന്തില്‍ തന്നെ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാടിദാറിനെ പുറത്താക്കി മറുപടി നല്‍കി. മത്സരത്തിനിടയില്‍ ഫീല്‍ഡിംഗ് പൊസിഷന്‍ മാറുന്നതിനിടയിലും ഇരുവരും നേര്‍ക്കുനേര്‍ വരികയും ഹെഡിനോട് കോലി എന്തോ പറയുകയും ചെയ്‌തിരുന്നു. എന്നാല്‍ നാടകീയ രംഗങ്ങള്‍ കളി കഴിഞ്ഞും അവസാനിച്ചില്ല. മത്സരത്തിന് ശേഷം കോലി ഹെഡിന് ഹസ്‌തദാനം നല്‍കാതെ ഒഴിവാക്കി കടന്നുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

ഇതിന് പിന്നാലെയാണ് ട്രാവിസ് ഹെഡിന്‍റെ ഭാര്യക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ സൈബര്‍ ആക്രമണമുണ്ടായത്. ഇതാദ്യമല്ല, ജെസീക്ക ഹെഡ് ഇന്ത്യന്‍ ഫാന്‍സിന്‍റെ സൈബര്‍ ആക്രമണം നേരിടുന്നത്. 2023-ല്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മയുടെ ക്യാച്ച് ട്രാവിസ് ഹെഡ് എടുത്തതിന് പിന്നാലെയും സമാനമായ സൈബര്‍ ആക്രമണം ജെസീക്ക നേരിട്ടിരുന്നു.

content highlights: travis-head-wife-jessica-head-faces-online-abuse-after-virat-kohli-spat-ipl-2026-malayalam-news

To advertise here,contact us