'വെരി വെരി വിയേർഡ്'; മുംബൈ ഇന്ത്യൻസിനെതിരെ രൂക്ഷവിമർശനവുമായി ആർ അശ്വിൻ

2026 ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസിന്റെ തുടർ പരാജയങ്ങൾക്കും നിരാശപ്പെടുത്തുന്ന പ്രകടനത്തിനും പിന്നാലെ ടീമിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ മുൻ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ

2026 ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസിന്റെ തുടർ പരാജയങ്ങൾക്കും നിരാശപ്പെടുത്തുന്ന പ്രകടനത്തിനും പിന്നാലെ ടീമിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ മുൻ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. വാങ്കഡെ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരം ജയിക്കാമായിരുന്നിട്ടും കൈവിട്ട് കളഞ്ഞ മുംബൈയുടെ ബാറ്റിംഗ് രീതിക്കെതിരെയാണ് അശ്വിൻ വിനർശനം ഉന്നയിച്ചത്. താരം തന്റെ യൂട്യൂബ് ചാനലിലെ ചർച്ചയ്ക്കിടെയാണ് മുംബൈ ഇന്ത്യൻസിനെ 'വെരി വെരി വിയേർഡ്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.

'വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന് ജയിക്കാൻ അവസാന 34 പന്തിൽ 60 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. ആ സാഹചര്യത്തിൽ അവർ അത് വളരെ സുഖമായി അടിച്ചെടുക്കേണ്ടതായിരുന്നു. എന്നാൽ കൃത്യമായ സമയത്ത് റൺറേറ്റ് ഉയർത്താൻ അവർക്ക് സാധിച്ചില്ല. സത്യം പറഞ്ഞാൽ ഈ മുംബൈ ടീം ശരിക്കും വളരെ വിയേർഡാണ്', അശ്വിൻ തുറന്നടിച്ചു. ഈ ടീമിൽ ക്വാളിറ്റിയുള്ള കളിക്കാരുണ്ട്. അടുത്ത വർഷം അവർക്ക് മികച്ച രീതിയിൽ തിരിച്ചുവരാനും സാധിച്ചേക്കും. എന്നാൽ, വരും സീസണിലും മുംബൈ ഇതേപോലെ സ്ട്ര​ഗിൾ ചെയ്യുകയാണെങ്കിലും ഞാൻ ഒട്ടും അത്ഭുതപ്പെടില്ല. കാരണം ഈ ടീമിലെ ചിലർ കളിക്കാർ നിലവിൽ തങ്ങളുടെ ഏറ്റവും മികച്ച ഫോമിലല്ല കളിക്കുന്നത്', അശ്വിൻ വ്യക്തമാക്കി.

മുംബൈയുടെ പ്രകടനം തനിക്ക് വലിയ നിരാശയാണ് സമ്മാനിച്ചതെന്നും അശ്വിൻ കൂട്ടിച്ചേർത്തു. മുംബൈയുടെ ഈ വർഷത്തെ അവരുടെ പ്രകടനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നും എന്നാൽ അടുത്ത വർഷവും അവർ പോയിന്റ് ടേബിളിന്റെ മധ്യത്തിലായി സീസൺ അവസാനിപ്പിച്ചാൽ എനിക്ക് വലിയ ഞെട്ടൽ ഉണ്ടാകില്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു. ഇത്രയധികം പ്രതിഭകളുള്ള ഒരു ഫ്രാഞ്ചൈസിയിൽ നിന്നും ഇത്തരമൊരു പ്രകടനം ഉണ്ടാകുന്നത് ശരിക്കും നിരാശാജനകം തന്നെയാണെന്നും അശ്വിൻ പറഞ്ഞു. ഈ സീസണിലെ അവസാന മത്സരത്തിൽ റിയാൻ പരാഗിന്റെ രാജസ്ഥാൻ റോയൽസിനോട് തോൽവി വഴങ്ങിയാണ് മുംബൈ പ്ലേഓഫ് കാണാതെ പുറത്തേക്ക് പോയത്.

Content highlight: R Ashwin slams Mumbai Indians management as very very weird

To advertise here,contact us