പഞ്ചാബ് കിങ്സിനെതിരായ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ മത്സരത്തില്‍ ടീമിനായുള്ള അരങ്ങേറ്റം കുറിച്ച അര്ജുന് തെണ്ടുല്‍ക്കര്‍ക്ക് അഭിനന്ദനവുമായി പിതാവ് സച്ചിന് തെണ്ടുല്‍ക്കര്‍. പഞ്ചാബിനെതിരായ മത്സരത്തില്‍ നാലോവര്‍ എറിഞ്ഞ അര്ജുന് തെണ്ടുല്‍ക്കര്‍ 36 റണ്‍സ് വഴങ്ങി ഒരുവിക്കറ്റെടുത്തു. മികച്ച പ്രകടനം നടത്തിയ പ്രഭ്സിമ്രാന് സിങ്ങിന്റെ വിക്കറ്റാണ് അര്ജുന് വീഴ്ത്തിയത്. മത്സരത്തില്‍ കിടിലന്‍ ക്യാച്ചും നേടിയിരുന്നു അദ്ദേഹം. ബാറ്റിങ്ങിനിറങ്ങിയ താരം അഞ്ചുറണ്‍സുമെടുത്തു. ആദ്യ മത്സരത്തില്‍ത്തന്നെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും തനിക്ക് ലഭിച്ച അവസരം അര്ജുന് നന്നായി ഉപയോഗിച്ചു.
അതേസമയം, ലഖ്നൗവിനായി ഐപിഎലില്‍ സീസണിലെ ആദ്യ മല്‍സരം കളിച്ച മകന് അര്ജുന് തെണ്ടുല്‍ക്കറെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്. അര്‍ജുന്റെ കഠിനാധ്വാനവും ക്രിക്കറ്റിനോടുള്ള താല്പര്യവും പ്രശംസാര്‍ഹമാണെന്ന് എക്സില്‍ പങ്കുവച്ച വൈകാരികക്കുറിപ്പില് സച്ചിന് പറഞ്ഞു. അത്യപൂര്‍വമായാണ് സച്ചിന് മകനെ കുറിച്ച് എഴുതുന്നത്. ക്ഷമയോടെ തന്റെ അവസരത്തിനായി അര്ജുന് കാത്തിരുന്നുവെന്നും ടീമിന്റെ ലീഗ് മല്‍സരങ്ങളിലെ അവസാനത്തേതില്‍ കളിക്കാന്‍ കഴിഞ്ഞുവെന്നും മകനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും സച്ചിന് പറഞ്ഞു. സീസണിലുടനീളമുള്ള അര്‍ജുന്റെ യാത്രയില്‍ തനിക്ക് അഭിമാനമുണ്ടെന്ന് സച്ചിന് പറയുന്നു. 'നിന്റെ കഴിവില്‍ നീ വിശ്വസിച്ചു, ക്ഷമയോടെ കാത്തിരുന്നു. ശാന്തമായി കഠിനാധ്വാനം തുടര്‍ന്നു, പോസിറ്റീവായി അവസരം ലഭിക്കുവോളം, അവസാന മത്സരത്തോളം കാത്തിരുന്നു. പലപ്പോഴും കഴിവുപോലെ തന്നെ ക്ഷമയും പരീക്ഷിക്കുന്നയിടമാണ് ക്രിക്കറ്റ്. രണ്ടും നീ മനോഹരമായി കൈകാര്യം ചെയ്തു. എപ്പോഴത്തേയും പോലെ ക്രിക്കറ്റിനെ സ്നേഹിച്ചു. നിറഞ്ഞ സ്നേഹം'- സച്ചിന് എക്സില്‍ കുറിച്ചു.
അര്‍ജുന്റെ കളിയെ കുറിച്ച് 2023ലാണ് സച്ചിന് ഇതിന് മുന്‍പ് എഴുതിയിട്ടുള്ളത്. മുംബൈയ്ക്കായി അര്ജുന് അരങ്ങേറിയപ്പോഴായിരുന്നു അന്ന് സച്ചിന്റെ കുറിപ്പ്. പഞ്ചാബിനെതിരായ മല്‍സരത്തില്‍ പവര്‍പ്ലേയ്ക്ക് പിന്നാലെയാണ് അര്ജുന് പന്തെറിയാന്‍ എത്തിയത്. ആദ്യ ഓവറില്‍ തന്നെ പ്രഭ്സിമ്രനെ ഞെട്ടിച്ചു. നാലു റണ്‍സ് മാത്രമാണ് താരം ആദ്യ ഓവറില്‍ വഴങ്ങിയത്. രണ്ടാം ഓവറില്‍ 15 റണ്‍സ് വഴങ്ങി. മൂന്നാം ഓവറില്‍ പ്രഭ്സിമ്രന്റെ വിക്കറ്റും താരമെടുത്തു. അഞ്ച് റണ്‍സ് മാത്രമാണ് 17-ാം ഓവറില്‍ അര്ജുന് വിട്ടുനല്‍കിയത്.
content highlights: Cricket tests patience just like skill" - Sachin after Arjun's performance