അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കിയത് പേസര്‍ മുഹമ്മദ് ഷമിയെ ടീമിലേക്ക് തിരികെ വിളിക്കുമോ എന്നതായിരുന്നു. എന്നാല്‍ താരത്തെ രണ്ട് ടീമിലും ഉള്‍പ്പെടുത്തിയില്ല. ഇതോടെ ആരാധകര്‍ വലിയ രീതിയിലാണ് അജിത് അഗാര്‍ക്കര്‍ നേതൃത്വം നല്കുന്ന സെലക്ഷന് കമ്മിറ്റിയെ കുറ്റപ്പെടുത്തുന്നത്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഷമിയെ ടെസ്റ്റ് ടീമിലേക്കെങ്കിലും പരിഗണിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഷമിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചകളും സെലക്ഷന് കമ്മിറ്റി നടത്തിയില്ലെന്നു അഗാര്‍ക്കര്‍ പറയുന്നു.
ഷമിയെ എന്തുകൊണ്ട് പരിഗണിച്ചില്ല എന്നതിന് അഗാര്‍ക്കര്‍ നല്കുന്ന ഉത്തരം ഇങ്ങനെ- 'തുടര്‍ച്ചയായ പരിക്കുകളില്‍ നിന്നും ശസ്ത്രക്രിയയില്‍ നിന്നും മുക്തനായി ആഭ്യന്തര സീസണിലും ഐപിഎല്ലിലും ഷമി സജീവമായി കളിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഷമിയുടെ ശരീരം വലിയ ഫോര്‍മാറ്റുകളുടെ (ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍) വര്‍ക്ക്ലോഡ് താങ്ങാന്‍ പാകത്തിലായിട്ടില്ലെന്നാണ് മെഡിക്കല്‍ സംഘം ഞങ്ങളെ അറിയിച്ചിരിക്കുന്നത്. താരം ഇപ്പോള്‍ ടി20 കളിക്കാന്‍ മാത്രമാണ് പൂര്‍ണ സജ്ജനായിട്ടുള്ളത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിനായുള്ള ടീം സെലക്ഷന് ചര്‍ച്ചകളില്‍ ഷമിയുടെ പേര് വന്നിട്ടേയില്ല.'
അഫ്ഗാനിസ്ഥാനെതിരായ 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കും ഓരേയൊരു ടെസ്റ്റ് പോരാട്ടത്തിനുമുള്ള ഇന്ത്യന്‍ ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ഇടവേളയ്ക്കു ശേഷം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ഏകദിന ടീമിലേക്ക് തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും താരത്തെ തഴഞ്ഞ് ഇഷാന് കിഷനാണ് അവസരം നല്‍കിയത്. ഐപിഎല്ലില്‍ തിളങ്ങിയ ഗുര്‍നൂര്‍ ബ്രാര്‍, പ്രിന്‍സ് യാദവ്, ഹര്‍ഷ് ദുബെ എന്നിവരെ ആദ്യമായി ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. ഗുര്‍നൂര്‍, ഹര്‍ഷ് എന്നിവര്‍ ടെസ്റ്റ് ടീമിലും ഇടംപിടിച്ചു.
ജസ്പ്രിത് ബുംറയെ ഇരു ടീമിലേക്കും പരിഗണിച്ചില്ല. ഒപ്പം വെറ്ററന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും ടീമില്‍ ഇടം കിട്ടിയില്ല. ബുംറയ്ക്കും ജഡേജയ്ക്കും വിശ്രമം നല്‍കിയെന്നാണ് വിവരം. ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ ഫിറ്റ്നസ് നോക്കിയായിരിക്കും ഇലവനിലേക്ക് തിരഞ്ഞെടുക്കുക. ടെസ്റ്റില്‍ ഋഷഭ് പന്തിന് പകരം കെഎല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. പന്ത് ടീമിലുണ്ട്.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇഷാന് കിഷന് ഏകദിന ടീമില്‍ തിരിച്ചെത്തുന്നത്. ടി20 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക ബാറ്റിങുമായി കളം വാണ സഞ്ജു സാംസണ് ഏകദിന ടീമിലേക്ക് തിരിച്ചെത്തുമെന്നു പ്രതീക്ഷക്കപ്പെട്ടെങ്കിലും നറുക്ക് വീണത് ഇഷാനാണ്. മൂന്ന് വര്‍ഷം മുന്‍പാണ് സഞ്ജുവും അവസാനമായി ഏകദിനത്തില്‍ ഇന്ത്യക്കായി കളിച്ചത്.
താരം ഐപിഎല്ലിലും മിന്നും ഫോമിലാണ് ബാറ്റ് വീശിയത്. ഇതോടെയാണ് ഏകദിന ടീമിലേക്കുള്ള മലയാളി താരത്തിന്റെ റീ എന്‍ട്രി ചര്‍ച്ചയായത്. ഏകദിന ടീമില്‍ കെഎല്‍ രാഹുല്‍ ഒന്നാം വിക്കറ്റ് കീപ്പറും ഇഷാന് രണ്ടാം വിക്കറ്റ് കീപ്പറുമാണ്.
ഏകദിന ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഇഷാന് കിഷന്, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റെഡ്ഡി, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിന്‍സ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ.
ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്ശന്, ഋഷഭ് പന്ത്, ദേവ്ദത്ത് പടിക്കല്‍, നിതീഷ് റെഡ്ഡി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറേല്‍.
content highlights:mohammed sham exclusion fans protest favoritism cricket news