അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്കെതിരെയും ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെതിരെയും കടുത്ത ആരോപണങ്ങളുമായി മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ.
ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ജമ്മു കശ്മീരിന്റെ പേസ് ബോളിംഗ് ഓൾറൗണ്ടർ ആഖിബ് നബിയെ തഴഞ്ഞ് ഗുർനൂർ ബ്രാറിനെ ടീമിലെടുത്തതിനെതിരെയാണ് ഗവാസ്കർ പരസ്യമായി രംഗത്തെത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ താൻ ആദ്യമായാണ് ഇത്രയും വലിയ പക്ഷപാതം കാണുന്നതെന്ന് ഗവാസ്കർ തുറന്നടിച്ചു.
'അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലേക്ക് ആഖിബ് നബിയെ മറികടന്ന് ഗുർനൂർ ബ്രാറിനെ തിരഞ്ഞെടുത്തത് എന്നെ അങ്ങേയറ്റം അമ്പരപ്പിക്കുന്ന ഒന്നാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഇത്തരമൊരു പക്ഷപാതം ഞാൻ ആദ്യമായാണ് കാണുന്നത്. എനിക്ക് തെറ്റിയിട്ടില്ലെങ്കിൽ, ഗുർനൂർ ബ്രാർ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയാണ് കളിക്കുന്നത്. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ ജിടിയുടെ നായകനായ ശുഭ്മൻ ഗിൽ ആണ്. അതുകൊണ്ട് തന്നെ ഈ സെലക്ഷന് പിന്നിലെ കാര്യങ്ങൾ ഇപ്പോൾ വ്യക്തമായി മനസ്സിലാകുന്നുണ്ട്.
'ടെസ്റ്റ് ടീമിൽ ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾക്ക് അമിത പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച ഗവാസ്കർ ബിസിസിഐ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. "ഗുർനൂറിനെ കൂടാതെ മറ്റ് ഏഴ് ഗുജറാത്ത് ടൈറ്റൻസ് കളിക്കാർ കൂടി ഇത്തവണത്തെ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ച് ബിസിസിഐ കൃത്യമായ അന്വേഷണം നടത്തണം'. ഗവാസ്കർ കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുന്ന യുവ സൂപ്പർ താരം ശുഭ്മൻ ഗിൽ തന്നെയാണ് ഈ ടെസ്റ്റ് പരമ്പരയിലും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ.
ദേവ്ദത്ത് പടിക്കൽ, യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയ യുവനിരയെ ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
വിക്കറ്റ് കീപ്പർ ബാറ്റർമാരായി ഋഷഭ് പന്തും ധ്രുവ് ജുറെലും സ്ഥാനം നിലനിർത്തിയപ്പോൾ, പരിചയസമ്പന്നനായ കെ എൽ രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. കുൽദീപ് യാദവ് നയിക്കുന്ന സ്പിൻ നിരയിലേക്ക് യുവതാരങ്ങളായ മാനവ് സുതർ, ഹർഷ് ദുബെ എന്നിവർക്ക് ആദ്യമായി വിളിയെത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർക്കൊപ്പം ഗുർനൂർ ബ്രാറും പേസ് ബൗളിംഗ് നിരയിൽ ഇടംപിടിച്ചിട്ടുണ്ട്.
content highlights:gavaskar slams shubman gill over india test team selection gujarat titans bias