ഡല്‍ഹിക്ക് ഇത് 'മരണക്കളി'; പഞ്ചാബിനെതിരെ ബൗളിങ് തിരഞ്ഞെടുത്തു

ഐപിഎലില്‍ പഞ്ചാബ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ധരംശാലയിലാണ് നടക്കുന്നത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ടോസ് ഭാഗ്യം. ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുത്തു. ഇതോടെ പഞ്ചാബ് കിങ്‌സ് ആദ്യം ബാറ്റുചെയ്യും.

പത്തുകളിയില്‍ ആറുജയത്തോടെ 13 പോയിന്റുള്ള പഞ്ചാബിന് ഇന്ന് ജയിക്കാനായാല്‍ ഒന്നാം സ്ഥാനത്തെത്താം. ഡല്‍ഹിക്ക് ജയിച്ചാല്‍ പ്ലേ ഓഫില്‍ നേരിയ സാധ്യതനിലനിര്‍ത്താം. തോറ്റാല്‍ ടീം പുറത്താകും. അവസാന മൂന്ന് മത്സരങ്ങളും തോറ്റാണ് പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കളിക്കാനെത്തുന്നത്. ഈ സീസണില്‍ പഞ്ചാബ് തോറ്റത് ആകെ മൂന്നുമത്സരങ്ങള്‍ മാത്രവുമാണ്. പത്തുകളിയില്‍ ആറെണ്ണത്തിലും ജയിച്ച ടീം ഒരു കളിയില്‍ സമനില പോയിന്റ് നേടി. മഴമൂലം മത്സരം ഉപേക്ഷിച്ചതോടെയായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 33 റണ്‍സിനാണ് തോറ്റത്. മത്സരത്തില്‍ പഞ്ചാബ് ബാറ്റര്‍മാരില്‍ കൂപ്പര്‍ കോണൊലി മാത്രമാണ് നന്നായി കളിച്ചത്. സെഞ്ചുറി നേടിയെ കൂപ്പര്‍ കോണൊലിയുടെ പ്രകടനവും പഞ്ചാബിന് രക്ഷയായില്ല. പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ശ്രേയസ് അയ്യര്‍, ശശാങ്ക് സിങ് തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. മാര്‍ക്കസ് സ്റ്റോയ്‌നിസ്, സുയാന്‍ഷ് ഷെഡ്‌ഗെ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

ബൗളിങ് നിരയും കാര്യമായ പ്രകടനം നടത്തുന്നില്ല എന്നതാണ് തിരിച്ചടിയാകുന്നത്. അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍, ലോക്കി ഫെര്‍ഗൂസന്‍, വിജയകുമാര്‍ വൈശാഖ് എന്നിവര്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. യൂസ്‌വേന്ദ്ര ചാഹലിന്റെ പ്രകടനമാണ് അല്‍പമെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ആശ്വാസമായത്. ഡല്‍ഹി അവസാന രണ്ടുകളിയിലും തോറ്റിരുന്നു. ഇന്ന് ജയിക്കാനായില്ലെങ്കില്‍ തിരിച്ചടിയാകുമെന്നതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പാത്തും നിസ്സങ്ക, കെഎല്‍ രാഹുല്‍, നിതീഷ് റാണ, സമീര്‍ റിസ് വി, ട്രിസ്റ്റര്‍ സ്റ്റബ്‌സ് തുടങ്ങിയവരുടെ ബാറ്റിങ് പ്രകടനം മികച്ചതായാല്‍ ടീമിന്റെ ജയത്തിലും അത് ഫലിക്കും. മിച്ചല്‍ സ്റ്റാര്‍ക്ക് ഉള്‍പ്പെട്ട മികച്ച ബൗളിങ് സംഘവും ഡല്‍ഹിക്കുണ്ട്. ലുന്‍ഗി എന്‍ഗിഡി, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവരില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ഡല്‍ഹി.

content highlights: 'Do or Die' for Delhi; Opt to bowl against Punjab

To advertise here,contact us