ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റർ എന്ന നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒന്‍പത് വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിജയിച്ച മത്സരത്തിലാണ് കോഹ്ലിയുടെ ഈ അപൂര്‍വ്വ നേട്ടം. മത്സരത്തിനായി കളത്തിലിറങ്ങും മുന്‍പ് 11 റണ്‍സ് കൂടിയായിരുന്നു ഈ റെക്കോർഡ് കുറിക്കാൻ കോഹ്ലിക്ക് ആവശ്യമായിരുന്നത്. ഡല്‍ഹി ഉയര്‍ത്തിയ 76 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ, പവര്‍പ്ലേയിലെ അവസാന പന്തില്‍ അക്സര്‍ പട്ടേലിനെ ലോങ് ഓഫിലേക്ക് തട്ടിയിട്ട് സിംഗിള്‍ എടുത്താണ് അദ്ദേഹം ചരിത്രത്തിലേക്ക് നടന്നുകയറിയത്.
ഡൽഹിക്കെതിരായ മത്സരത്തിലൂടെ 9000 റൺസ് എന്ന നേട്ടത്തിലെത്തിയതോടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള കോഹ്ലി തന്റെ ആധിപത്യം ഉറപ്പിച്ചു. രണ്ടാമതുള്ള രോഹിത് ശര്‍മ്മ കോഹ്ലിയേക്കാള് ഏകദേശം 1900 റണ്‍സ് പിന്നിലാണ്. 275 മത്സരങ്ങളില്‍ 9012 റണ്‍സാണ് കോലി നേടിയത്. ശരാശരി 40.05. സ്ട്രൈക്ക് റേറ്റ് 133.80. എട്ട് സെഞ്ചുറികളും 66 അര്‍ധ സെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. മത്സരത്തില്‍ ആര്‍സിബി ഒമ്പത് വിക്കറ്റിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിനെ ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് 16.3 ഓവറില്‍ വെറും 75 റണ്‍സിന് പുറത്താക്കി. ഹേസല്‍വുഡ് നാലും ഭുവനേശ്വര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
Content highlight: Virat Kohli reach 9000 runs in IPL history