വെടിക്കെട്ടുമായി സ്റ്റോയിൻസ്; രാജസ്ഥാനെതിരെ പഞ്ചാബിന് മികച്ച ടോട്ടൽ

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഭേദപ്പെട്ട ടോട്ടലുമായി പഞ്ചാബ് കിങ്‌സ്

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഭേദപ്പെട്ട ടോട്ടലുമായി പഞ്ചാബ് കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി.

22 പന്തില്‍ ആറ് സിക്സും നാലു ഫോറും പറത്തി പുറത്താകാതെ 62 റണ്‍സെടുത്ത സ്റ്റോയ്നിസാണ് 200ല്‍ ഒതുങ്ങുമായിരുന്ന പഞ്ചാബ് സ്കോറിനെ 222 റണ്‍സിലെത്തിച്ചത്. 44 പന്തില്‍ 59 റൺസ് നേടി പ്രഭ്‌സിമ്രാനും 27 പന്തില്‍ 30 റണ്‍സെടുത്ത് ശ്രേയസ് അയ്യരും 14 പന്തിൽ 30 റൺ നേടി കൂപ്പർ കനോലിയും 29 റൺസുമായി പ്രിയാൻഷ് ആര്യയും തിളങ്ങി.

രാജസ്ഥാന് വേണ്ടി യാഷ്‌രാജ് പുഞ്ച രണ്ട് വിക്കറ്റെടുത്തു. മത്സരത്തില്‍ ടോസ് ജയിച്ച രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഷിമ്രോണ്‍ ഹെറ്റ്മെയറിന് പകരം ശ്രീലങ്കന്‍ താരം ദാസുന്‍ ഷനക രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. രവി ബിഷ്ണോയിക്ക് പകരം യഷ് ‌രാജ് പുഞ്ചയും രാജസ്ഥാന്‍ ടീമിലെത്തി.

ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ പഞ്ചാബ് രണ്ട് മാറ്റം വരുത്തി. സൂര്യാൻഷ് ഷെഡ്ഗെയും ലോക്കി ഫെര്‍ഗൂസനും പഞ്ചാബിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

സീസണില്‍ ഇതുവരെ പരാജയമറിയാത്ത ഒരേയൊരു ടീമാണ് പഞ്ചാബ് കിംഗ്സ്. ഏഴ് കളികളില്‍ 13 പോയന്‍റുള്ള പഞ്ചാബ് പ്ലേ ഓഫ് ഉറപ്പിക്കാനാണ് രാജസ്ഥാനെതിരെ ഇറങ്ങുന്നത്. അതേസമയം, തുടക്കത്തില്‍ പരാജയമറിയാതെ കുതിച്ച രാജസ്ഥാന് പിന്നീട് ആ മികവ് നിലനിര്‍ത്താനായില്ലെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇപ്പോഴും സജീവമാണ്.

content highlights:ipl2026 match 40 punjab kings vs rajasthan royals

To advertise here,contact us