15 വർഷം പഴക്കമുള്ള ധോണിയുടെ റെക്കോർഡ്; വെടിക്കെട്ട് ഇന്നിങ്സിൽ തിരുത്തിയെഴുതി റിങ്കു സിങ്

എല്‍എസ്ജിക്കെതിരായ മത്സരത്തില്‍ ബാറ്റിങില്‍ മാത്രമല്ല റിങ്കു ഫീല്‍ഡിങിലും കത്തും ഫോമിലായിരുന്നു

ഐപിഎല്ലില്‍ 15 വർഷം പഴക്കമുള്ള എംഎസ് ധോണിയുടെ കൈവശം വച്ച റെക്കോര്‍ഡ് തിരുത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വൈസ് ക്യാപ്റ്റന്‍ റിങ്കു സിങ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ പുറത്താകാതെ 51 പന്തില്‍ 83 റണ്‍സെടുത്താണ് റിങ്കു പുതിയ നേട്ടത്തിലെത്തിയത്. ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഒരു ഐപിഎല്‍ പോരാട്ടത്തില്‍ ആറാം സ്ഥാനത്തു ബാറ്റിങിനിറങ്ങി ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമായി റിങ്കു മാറി. 2011ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെതിരായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോനി 40 പന്തില്‍ നേടിയ 70 റണ്‍സായിരുന്നു ഇതുവരെ ഈ സ്ഥാനത്തെ ഒരു താരത്തിന്റെ മികച്ച സ്‌കോര്‍. ഇതാണ് റിങ്കു തിരുത്തിയത്.

എല്‍എസ്ജിക്കെതിരായ മത്സരത്തില്‍ ബാറ്റിങില്‍ മാത്രമല്ല റിങ്കു ഫീല്‍ഡിങിലും കത്തും ഫോമിലായിരുന്നു. മത്സരത്തില്‍ 5 ലഖ്‌നൗ ബാറ്റര്‍മാരെയാണ് റിങ്കു ക്യാച്ചെടുത്തു മടക്കിയത്. സൂപ്പർ ഓവറിൽ കൊൽക്കത്തയുടെ വിജയ റൺസും നേടിയത് റിങ്കുവായിരുന്നു.

ജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റോടെ കൊൽക്കത്ത എട്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. നാല് പോയിന്റ് വീതമുള്ള മുംബൈ ഇന്ത്യൻസും ലഖ്‌നൗ സൂപ്പർ ജയന്റ്സും ഒമ്പതും പത്തും സ്ഥാനത്താണ്.

content highlights: rinku singh breaks ms dhoni 15-year old-ipl record kkr vs lsg

To advertise here,contact us