ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് - റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ ആർസിബിക്ക് ആവേശജയം. ഡൽഹിക്കെതിരെ 9 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ആർസിബി സ്വന്തമാക്കിയത്. 76 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാട്ടിദാരും സംഘവും ഏഴ് ഓവറിൽ കളി അവസാനിപ്പിച്ചു. മത്സരത്തിൽ തുടക്കം മുതലേ പതറിയ ഡൽഹിയെ ബെംഗളൂരു 75 റൺസിന് ഓൾഔട്ട് ആക്കുകയായിരുന്നു. ഏഴാം ഓവറിലെ മൂന്നാം പന്തിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ആർസിബി 77 റൺസ് നേടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളുരുവിന്റെ ഒരു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും അടക്കം 11 പന്തിൽ 20 റൺസ് നേടിയ ആർസിബി ഓപണർ ജേക്കബ് ബെഥേലിന്റേതായിരുന്നു ഡിസിക്ക് നേടാനായി ആ ഏക വിക്കറ്റ്. മൂന്ന് വീതം ബൗണ്ടറും സിക്സും പായിച്ച് 13 പന്തിൽ 34 റൺസും രണ്ട് സിക്സറും ഒരു ബൗണ്ടറിയും അടക്കം 15 പന്തിൽ 23 റൺസ് നേടിയ വിരാട് കോഹ്ലിയുമാണ് മത്സരം അവസാനിപ്പിച്ചത്. കൈൽ ജാമിസൺ ആയിരുന്നു ഡൽഹിക്കായി ജേക്കബ് ബെഥേലിന്റെ വിക്കറ്റ് നേടിയത്.
ആദ്യം ബാറ്റ് ചെയ്യാൻ കളത്തിലെത്തിയ ഡൽഹി ക്യാപിറ്റൽസിന് ആദ്യ ഓവറിൽ തന്നെ അടിപതറി. ഡിസിയുടെ മുൻനിര ബാറ്റർമാർക്കാർക്കും തന്നെ രണ്ടക്കം കടക്കാനായിരുന്നില്ല. സാഹിൽ പരാഖ് (0), കെഎൽ രാഹുൽ (1), നിതീഷ് റാണ (1), സമീർ റിസ്വി (0), ട്രിസ്റ്റൻ സ്റ്റബ്സ് (5), അക്സർ പട്ടേൽ (0) എന്നിങ്ങനെയാണ് ഡൽഹി ബാറ്റർമാരുടെ റൺസ് നേട്ടം.
വിക്കറ്റ് വേട്ടയിൽ ആർസിബിയുടെ ജോഷ് ഹേസല്വുഡ് മൂന്ന് ഓവറും മൂന്ന് ബൗളുകളും എറിഞ്ഞ് 12 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് പോക്കറ്റിൽ ആക്കിയത്. മൂന്ന് ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. കൂടാതെ റാസിഖ് സലാം, സുയാഷ് ശർമ, ക്രുണാൽ പാണ്ഡ്യാ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content highlight: RCB won by 9 wicket against DC