ആ ബോൾ ഫോറോ അതോ സിക്സോ! കെകെആറിന്റെ വിജയത്തിന് പിന്നാലെ ചര്‍ച്ചയായി അംപയരുടെ തീരുമാനം

ലക്നൗ സൂപ്പർ ജയന്‍റ്സ് ഇന്നിംഗ്‌സിലെ 12-ാം ഓവറിലായിരുന്നു ഈ വിവാദങ്ങൾക്ക് ആസ്പദമായ സംഭവം അരങ്ങേറിയത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ലക്നൗ സൂപ്പർ ജയന്‍റ്സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആവേശപോരിലെ എൽഎസ്ജിയുടെ തോൽവിക്ക് പിന്നാലെ അംപയറുടെ പിഴവ് ചർച്ച വിഷയമാക്കി ആരാധകർ. ലക്നൗ സൂപ്പർ ജയന്‍റ്സ് ഇന്നിംഗ്‌സിലെ 12-ാം ഓവറിലായിരുന്നു ഈ വിവാദങ്ങൾക്ക് ആസ്പദമായ സംഭവം അരങ്ങേറിയത്. കാർത്തിക് ത്യാഗി എറിഞ്ഞ പന്ത് എൽഎസ്ജി നായകൻ ഋഷഭ് പന്ത് ഫൈൻ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ അടിച്ചുപറത്തി. ബൗണ്ടറി ലൈനിലേക്ക് പറന്ന ആ ബോൾ സിക്സാണെന്നും പക്ഷെ അംപയർ ഫോർ മാത്രമാണ് വിധിച്ചതെന്നുമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആരാധകർ ചർച്ച വിഷയമാക്കിയിരിക്കുന്നത്. തേർഡ് അംപയറും ഈ പിഴവ് ശ്രദ്ധിച്ചില്ലെന്നും അതിലൂടെ ലക്നൗവിന് ലഭിക്കേണ്ട രണ്ട് റൺസ് നഷ്ടമായത് തോൽവിക്ക് കാരണമെന്നും ആരാധകർ വാദങ്ങളുയർത്തി.

അതേസമയം ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് വ്യക്തമായി. ഒരു പ്രത്യേക ആംഗിളിൽ നിന്ന് നോക്കുമ്പോൾ ബോൾ നേരിട്ട് ബൗണ്ടറി ലൈനിൽ വീണതായി തോന്നുമെങ്കിലും, സ്റ്റേഡിയത്തിലെ മറ്റ് ക്യാമറ ആംഗിളുകൾ പരിശോധിക്കുമ്പോൾ ബോൾ ബൗണ്ടറി റോപ്പിന് തൊട്ടുമുമ്പ് ഗ്രൗണ്ടിൽ പതിക്കുന്നതായി വ്യക്തമാണ്. അതുകൊണ്ട് തന്നെ ഓൺഫീൽഡ് അമ്പയർ ഫോർ നൽകിയ തീരുമാനത്തിൽ പിഴവ് സംഭവിച്ചതായി ആരോപിക്കാനുമാകില്ല. ഒപ്പം ഫോമിലല്ലാത്ത നിക്കോളാസ് പൂരാനെ സൂപ്പർ ഓവറിൽ ഇറക്കിയതിൽ അതൃപ്തികളും ഉയരുകയാണ്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എൽഎസ്ജി നായകൻ ഋഷഭ് പന്ത്. നിക്കോളാസ് പൂരാനെ ഇറക്കിയത് ടീം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു എന്നതാണ് താരത്തിന്റെ പ്രതികരണം.

'നമുക്ക് ടീമിനുള്ളിൽ തന്നെ ഉത്തരങ്ങൾ തിരയേണ്ടതുണ്ട്. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഓരോ കളിക്കാരനും ഏറ്റെടുക്കണം. ഒന്നോ രണ്ടോ പേരല്ല, ടീം ഒന്നടങ്കം ആത്മപരിശോധന നടത്തേണ്ടതും ആവശ്യമാണ്. നിലവിൽ ഞങ്ങൾക്ക് ഒരു ബ്രേക്ക് ആവശ്യമാണ്. ശക്തമായി തിരിച്ചുവരാൻ ഇത് ഞങ്ങളെ സഹായിക്കും', ഋഷഭ് പന്ത് വ്യക്തമാക്കി. സൂപ്പർ ഓവറിൽ ബാറ്റ് വീശാനായി ഫോമിലല്ലാത്ത നിക്കോളാസ് പൂരാനെ ഇറക്കിയത് ടീം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും കഠിനമായ സാഹചര്യങ്ങളിൽ നമ്മുടെ കളിക്കാരിൽ വിശ്വാസം അർപ്പിച്ചേ മതിയാകുവെന്നും പന്ത് കൂട്ടിച്ചേർത്തു.

Content highlights: KKR win against LSG umpire decision four or six controversy

To advertise here,contact us