ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടിയായി യുവ ബാറ്റർ ആയുഷ് മാത്രെയുടെ പരിക്ക്. താരത്തിന് സീസൺ മുഴുവൻ നഷ്ടമാകും. സിഎസ്കെ മാനേജ്മെന്റ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ആയുഷ് മാത്രെയ്ക്ക് സീസൺ നഷ്ടമാകുന്നത്.
ഇടത് തുടയിലെ പേശിക്കേറ്റ പരിക്കാണ് ആയുഷിന് ഇനിയുള്ള മത്സരങ്ങൾ നഷ്ടമാകാൻ കാരണമായത്. പരിക്ക് ഭേദമാകാൻ 6 മുതൽ 12 ആഴ്ച വരെ വിശ്രമം ആവശ്യമാണെന്നാണ് സിഎസ്കെ അറിയിച്ചിരിക്കുന്നത്. ആയുഷ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മാനേജ്മെന്റ് ആശംസിച്ചു.
ഏപ്രിൽ 18ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ആയുഷിന് ഇടത് തുടയിലെ പേശിക്ക് പരിക്കേൽക്കുന്നത്. മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കെയാണ് ആയുഷിന് പരിക്കേറ്റത്. ഇംപാക്ട് പ്ലെയർ ആയിട്ടാണ് മാത്രെ ഇറങ്ങിയത്. പരിക്കേറ്റ ഉടൻ തന്നെ ഫിസിയോതെറാപ്പിസ്റ്റ് പരിശോധിച്ചിരുന്നു. തുടർന്നും കളിച്ചുവെങ്കിലും തൊട്ടുപിന്നാലെ ആയുഷ് ഔട്ടാകുകയായിരുന്നു.
ആയുഷ് പരിക്കേറ്റ് പുറത്തായതോടെ ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന മാത്രെ സിഎസ്കെയ്ക്ക് മികച്ച തുടക്കമാണ് നൽകി കൊണ്ടിരുന്നത്. ചെന്നൈയ്ക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് മാത്രെ. ഏപ്രിൽ 23ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് സിഎസ്കെയുടെ അടുത്ത മത്സരം.
പരിക്കേറ്റ് ആയുഷ് മാത്രെ പുറത്തായതോടെ പകരം ആര് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കാർത്തിക് ശർമ, ഉർവിൽ പട്ടേൽ എന്നിവരിൽ ഒരാൾക്കാകും നറുക്ക് വീഴുക എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ, കാൽത്തുടയിലെ പേശികൾക്ക് പരിക്കേറ്റ ഇടംകൈ പേസർ ഖലീൽ അഹ്മദ് ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. 12 ആഴ്ചയോളമാണ് ഖലീലിന് വിശ്രമം പറഞ്ഞിരിക്കുന്നത്.
Content highlights: csk ayush mhatre ruled out ipl 2026 injury update