പരിക്കേറ്റാലും രാജാവല്ലേ!; ഇമ്പാക്ട് പ്ലെയറായി എത്തി മിന്നി; ഓറഞ്ച് ക്യാപും തൂക്കി!

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ മിന്നും പ്രകടനവുമായി സൂപ്പർ താരം വിരാട് കോഹ്‌ലി

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ മിന്നും പ്രകടനവുമായി സൂപ്പർ താരം വിരാട് കോഹ്‌ലി. പരിക്കിൽ നിന്നും പൂർണമായി മുക്തനാവാതെ ഫീൽഡ് ചെയ്യാതെ ബാറ്റിങ്ങിൽ ഇമ്പാക്ട് പ്ലെയർ ആയി എത്തിയ താരം 34 പന്തിൽ ഒരു സിക്‌സറും ആറ് ഫോറുകളും അടക്കം 49 റൺസാണ് നേടിയത്. ഫിഫ്റ്റിക്ക് ഒരു റൺസ് മാത്രം അകലെ ആവേശ് ഖാന്റെ പന്തിൽ നിക്കോളാസ് പൂരന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

ഇതോടെ ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപും കോഹ്‌ലി കയ്യിലാക്കി. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 162 സ്ട്രൈക്ക് റേറ്റിൽ 225 റൺസാണ് താരം നേടിയത്. 224 റൺസുമായി ഹെൻഡ്രിച് ക്ലാസൻ, 213 റൺസുമായി ഇഷാൻ കിഷൻ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 20 ഓവറിൽ 146 റൺസിന് ഓൾ ഔട്ടായി. നാലോവറിൽ 24 റൺസിന് നാല് വിക്കറ്റെടുത്ത റാസിഖ് സലാമും നാലോവറിൽ 27 റൺസിന് മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറുമാണ് ലഖ്‌നൗവിനെ തകർത്തത്. ലഖ്‌നൗവിന് വേണ്ടി മിച്ചൽ മാർഷ് 40 റൺസും ആയുഷ് ബദോനി 38 റൺസും മുകുൾ ചൗധരി 39 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല.

മറുപടി ബാറ്റിങ്ങിൽ ആർസിബി 11 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് നേടിയിട്ടുണ്ട്. കോഹ്‌ലിക്ക് പുറമെ ഫിൽ സാൾട്ട് (7 ), ദേവദത്ത് പടിക്കൽ (10 ) എന്നിവരുടെ വിക്കറ്റാണ് ബെംഗളുരുവിന് നഷ്ടമായത്.

Content Highlights:ipl-2026-virat-kohli-impact-player-injury-orange-cap-

To advertise here,contact us