ഐപിഎൽ 19-ാം സീസണിലെ തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യം വച്ച് ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് കളത്തിൽ. ആദ്യ ജയത്തിനായി കൊതിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ചെന്നൈയുടെ എതിരാളികൾ. അതേസമയം, മത്സരത്തിലെ വിജയപ്രതീക്ഷകൾ പങ്കവച്ചിരിക്കുകയാണ് ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ. കഴിഞ്ഞ മത്സരത്തിലെ സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനവും അതിന് ഒത്ത പിന്തുണ നൽകികൊണ്ട് ബാറ്റ് വീശിയ ആയുഷ് മാത്രെയുടെയും ഫോമിലാണ് ആരാധകരുടെ പ്രതീക്ഷ.
'ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ സഞ്ജു സാംസൺ 56 പന്തിൽ നിന്ന് 115 റൺസ് നേടി തിളങ്ങിയിരുന്നു. എങ്കിലും വരുന്ന മത്സരത്തിൽ സഞ്ജുവിൽ നിന്ന് എഴുപതോ എൺപതോ നൂറോ റൺസല്ല, അതിനും മുകളിലായി ടീമിനായി രണ്ട് പോയിന്റുകൾ നേടുന്നതിലാണ് കാര്യം', അശ്വിൻ തുറന്നടിച്ചു. 'സിഎസ്കെയ്ക്ക് ഇപ്പോൾ 2 പോയിന്റ് ലഭിച്ചു. ഇനി ഏപ്രിൽ 14-നും അതിന് ശേഷം നടക്കുന്ന മത്സരത്തിലും 2 പോയിന്റുകൾ വീതം വേണം. ബാറ്റ് കൊണ്ട് സഞ്ജു മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുകൾ നേടിത്തരുമ്പോൾ മാത്രമേ ഞാൻ അവനെ സ്നേഹിക്കൂ,' അശ്വിൻ കൂട്ടിച്ചേർത്തു. സഞ്ജു ഇപ്പോൾ പൂർണ്ണമായും ഫോമിലാണെന്നും ടീമിനെ തുടർച്ചയായി വിജയങ്ങളിലേക്ക് നയിക്കാനാണ് അവൻ ശ്രമിക്കേണ്ടതെന്നും അശ്വിൻ പറഞ്ഞു.
'സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രേ, ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്, സർഫറാസ് ഖാൻ തുടങ്ങി ചെന്നൈയിൽ ഒന്നിന് പിറകെ ഒന്നായി സ്പിൻ ഹിറ്റേഴ്സാണ് ഉള്ളത്. ബാറ്റിങ് നിരയിലെ ഒട്ടുമിക്ക താരങ്ങളും സ്പിന്നിനെ അതിമനോഹരമായി തന്നെ ബൗണ്ടറി കടത്താൻ കെൽപ്പുള്ളവരും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഏറ്റവും വലിയ ശക്തിയാകട്ടെ സ്പിന്നും. അതുകൊണ്ട് തന്നെ, വിജയ സാധ്യത കൂടുതലും ചെന്നൈക്കാണ്', അശ്വിൻ വ്യക്തമാക്കി. എന്നാൽ, ഇത് ഐപിഎല്ലാണെന്നും എന്തുവേണമെങ്കിലും സംഭവിക്കാമെന്നും ഇന്ന് ചെന്നൈയെ കൊൽക്കത്തയ്ക്ക് പരാജയപ്പെടുത്താനായാൽ അത് വലിയൊരു കാര്യമായിരിക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
കൊൽക്കത്തയുടെ കാര്യം നോക്കിയാൽ സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന സ്പിൻ നിരയാണ് അവരുടെ ശക്തി. എന്നാൽ ഈ സ്പിൻ കെണിയിൽ വീഴാത്ത ബാറ്റർമാരാണ് ചെന്നൈയുടെ കരുത്ത്. എന്നാൽ, സുനിൽ നരെയ്നെതിരെ സിഎസ്കെ താരം സഞ്ജു സാംസണിന് അത്ര നല്ല റെക്കോർഡുകൾ അല്ല ഉള്ളതെന്നത് ചെറിയ ആശങ്കയാണ്. ചെന്നൈയിലെ സ്ലോ വിക്കറ്റിൽ ഈ സ്പിൻ പോരാട്ടം കാണാൻ തന്നെയാണ് ആരാധകരും കാത്തിരിക്കുന്നത്. എങ്കിലും, കൊൽക്കത്തയുടെ അപ്രതീക്ഷിത നീക്കങ്ങൾ മത്സരത്തെ മാറ്റിമറിച്ചേക്കാം.
Content highlight: R Ashwin to Sanju Samson about today's match against KKR