'മില്ലർ സിക്സറുകൾ അടിച്ചില്ലെങ്കിൽ കഥ മറ്റൊന്നായേനെ'; പിന്തുണയുമായി ഡൽഹി നായകൻ

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ ഒരു റണ്ണിന് തോറ്റതോടെ ഡൽഹി ക്യാപിറ്റൽസ് താരം ഡേവിഡ് മില്ലറിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ ഒരു റണ്ണിന് തോറ്റതോടെ ഡൽഹി ക്യാപിറ്റൽസ് താരം ഡേവിഡ് മില്ലറിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. അവസാന ഓവറിൽ കുറച്ചുകൂടെ ശ്രദ്ധിച്ച് കളിച്ചിരുന്നെങ്കിൽ ജയിക്കാമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. അതിനിടെ മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലിരുന്ന് പൊട്ടിക്കരയുന്ന മില്ലറുടെ വിഡിയോ പുറത്ത് വന്നിരുന്നു.

എന്നാൽ മില്ലറിന് പൂർണ പിന്തുണയാണ് ഡൽഹി മാനേജ്‍മെന്റ് നൽകുന്നത്. ടീം മീറ്റിങിൽ നായകന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. 'ഈ സീസണിന്റെ തുടക്കത്തിൽ തന്നെ ഞാൻ എല്ലാവരോടും പറഞ്ഞ ഒരു കാര്യമുണ്ട്. മത്സരത്തിനിടെ ഉണ്ടാകുന്ന ഏതൊരു സാഹചര്യത്തിലും നിങ്ങൾ സംയമനം പാലിക്കണം. നമ്മൾ എല്ലാവരും ഇപ്പോൾ നിരാശയിലാണ്, പക്ഷേ നമുക്ക് ചിരിക്കാൻ കഴിയണം.

'ഇത് ഒരു നീണ്ട ടൂർണമെന്റാണ്. മില്ലർ ആ സിക്‌സുകൾ അടിച്ചില്ലെങ്കിൽ നമ്മൾ ഈ മത്സരത്തിൽ ഇത്രയും പോലും എത്താൻ കഴിയില്ല' നായകൻ അക്‌സർ പറഞ്ഞു. 'സംഭവിച്ചത് എല്ലാം നമ്മൾ മറന്ന് കളയണം. അടുത്ത മത്സരത്തിനായി നമ്മൾ ചെന്നൈയിലേക്ക് പോകുക ആണ്. സന്തോഷത്തോടെയാകണം നമ്മുടെ യാത്ര' അക്‌സർ വ്യക്തമാക്കി.

ഏപ്രിൽ 11ന് ചെന്നൈക്കെതിരെയാണ് ടീമിന്റെ അടുത്ത മത്സരം. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ഡൽഹിയുള്ളത്.

Content highlights: delhi captain axar patel support -david-miller in delhi-gujarat match incident

To advertise here,contact us