ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും ഇവിടെ ഭദ്രം!; പട്ടികയിൽ ഒന്നാമരായി രാജസ്ഥാൻ താരങ്ങൾ

ടീമിന്റെ വിജയത്തിന് പുറമെ വ്യക്തിഗത മികവിലും മുന്നിൽ രാജസ്ഥാൻ താരങ്ങളാണ്.

ഐപിഎല്‍ 2026 സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് രാജസ്ഥാന്‍ റോയല്‍സ് കുതിപ്പ് തുടരുകയാണ്. ഒടുവിൽ ഇന്നലെ മുംബൈ ഇന്ത്യൻസിനെ 27 റൺസിനാണ് രാജസ്ഥാൻ തോൽപ്പിച്ചത്.

ടീമിന്റെ വിജയത്തിന് പുറമെ വ്യക്തിഗത മികവിലും മുന്നിൽ രാജസ്ഥാൻ താരങ്ങളാണ്. ഏറ്റവും മികച്ച റൺ വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ്പും രാജസ്ഥാൻ താരങ്ങളുടെ കയ്യിലാണ്.

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ 32 പന്തില്‍ പുറത്താകാതെ 77 റണ്‍സ് അടിച്ചുകൂട്ടിയ യശ്വസി ജയ്സ്വാളാണ് നിലവില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമത്. മൂന്ന് ഇന്നിംഗ്സുകളില്‍ നിന്നായി 170 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ് താരം സമീർ റിസ്‌വി 160 റണ്‍സുമായി തൊട്ടുപിന്നാലെയുണ്ട്. ഈ സീസണിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 90 റണ്‍സും സമീറിന്റെ പേരിലാണ്. ഹെന്റിച്ച് ക്ലാസന്‍ (145), വൈഭവ് സൂര്യവംശി (122), രോഹിത് ശര്‍മ്മ (118) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് ബാറ്റര്‍മാര്‍.

ബൗളിംഗില്‍ രാജസ്ഥാന്റെ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയിയാണ് ഒന്നാം സ്ഥാനത്ത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ ബിഷ്‌ണോയ് മുംബൈക്കെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടിയതോടെ ആകെ വിക്കറ്റ് നേട്ടം ഏഴായി. വിജയ്കുമാര്‍ വൈശാഖ് (5), അന്‍ഷുല്‍ കംബോജ് (5), നാന്ദ്രെ ബര്‍ഗര്‍ (5), ജേക്കബ് ഡഫി (5) എന്നിവരാണ് ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങള്‍.

പോരാത്തതിന് പോയിന്റ് പട്ടികയിലും ഒന്നാമത്. മൂന്നില്‍ മൂന്നും ജയിച്ച രാജസ്ഥാന് ആറ് പോയിന്റാണുള്ളത്. +2.403 നെറ്റ് റണ്‍റേറ്റും രാജസ്ഥാനുണ്ട്. മൂന്നില്‍ രണ്ട് ജയം സ്വന്തമാക്കി അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്ത് പഞ്ചാബ് കിംഗ്‌സാണ്.

Content highlights: ipl 2026 rr domination yashasvi jaiswal ravi bishnoi stats in purple and orange cap

To advertise here,contact us