2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി. ആദ്യ മത്സരത്തിൽ മാത്രമായിരുന്നു മുംബൈക്ക് ജയിക്കാനായത്. അവസാനം നടന്ന മുംബൈ ഇന്ത്യൻസ് - രാജസ്ഥാൻ റോയൽസ് പോരാട്ടം മഴ മൂലം 11 ഓവറായി വെട്ടിക്കുറച്ചെങ്കിലും മത്സരത്തിൽ 151 എന്ന കൂറ്റൻ സ്കോർ തന്നെ രാജസ്ഥാൻ പടുത്തുയർത്തി. ഓപ്പണർമാരായ വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ കൂട്ടുകെട്ട് തകർത്താടിയപ്പോൾ പേരുകേട്ട മുംബൈ ബൗളിംഗ് നിരയ്ക്ക് നിസഹായരായി നിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നായകൻ ഹാർദിക് പാണ്ഡ്യ എടുത്ത തീരുമാനങ്ങളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ആകെ ചർച്ചയാകുന്നത്. എംഐ നായകന്റെ തീരുമാനങ്ങൾ ആരാധകരെ മാത്രമല്ല ക്രിക്കറ്റ് വിദഗ്ദ്ധരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. യശസ്വി ജയ്സ്വാളും സൂര്യവംശിയും ചേർന്ന് മുംബൈ ബൗളർമാരെ പഞ്ഞിക്കിട്ടപ്പോൾ, മറുതന്ത്രങ്ങൾ മെനയാനാകാതെ ഹാർദിക് പതറുന്ന കാഴിച്ചയായിരുന്നു മൈതാനത്ത് കാണാനായത്.
പവർപ്ലേയിലെ രാജാവായ ട്രെന്റ് ബോൾട്ട് ക്രീസിലുള്ളപ്പോൾ ദീപക് ചാഹറിനെയായിരുന്നു ഹാർദിക് പന്ത് ഏൽപ്പിച്ചത്. യശസ്വി ജയ്സ്വാളിനെതിരെ ബോൾട്ടിന് വ്യക്തമായ മുൻതൂക്കവുമുണ്ട്. 13 പന്തിൽ 2 തവണയാണ് ബോൾട്ട് ജയ്സ്വാളിനെ പുറത്താക്കിയിട്ടുള്ളത്. ഈ കണക്കുകളെല്ലാം കാറ്റിൽ പറത്തിയായിരുന്നു ഹർദിക്കിനെ ആ തീരുമാനം. എന്നാൽ, ആ കാഴ്ച്ച മുംബൈക്ക് കളിയിൽ തിരിച്ചടിയാകുന്നതാണ് പിന്നീട് കണ്ടത്.
ബൗളിങ്ങിൽ മാത്രമല്ല ബാറ്റിംഗിലും ഹാർദിക്കിന്റെ തീരുമാനങ്ങൾ പാളിയിരുന്നു. അതിവേഗത്തിൽ റൺസ് കണ്ടെത്തേണ്ട സാഹചര്യം നിലനിൽക്കുമ്പോഴും തിലക് വർമയെ നാലാം നമ്പറിൽ ഇറക്കിയതും മുംബൈക്ക് തിരിച്ചടിയായി മാറി. മാത്രമല്ല, വെടിക്കെട്ട് താരം ഷെർഫെയ്ൻ റുഥർഫോർഡിനെ ഏഴാം നമ്പറിലേക്ക് മാറ്റിവെച്ചതും വലിയ മണ്ടത്തരമായി. കളി കൈവിട്ടുപോയത്തിന് ശേഷം മാത്രമാണ് റുഥർഫോർഡ് മുംബൈക്കായി ക്രീസിലെത്തിയത്. ക്വിക്ക് ഡിസിഷൻ മേക്കിങ്ങിന് വലിയ പ്രാധാന്യമുള്ള ഇത്തരം സാഹചര്യത്തിൽ മുംബൈ നായകൻ പക്ഷെ ക്ലൂലെസ് ആയിരുന്നു. ഇത്തരം സമയങ്ങളിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നതിന് പകരം സഹതാരങ്ങളോട് ദേഷ്യപ്പെടുന്ന ഹാർദിക്കിനെയാണ് മൈതാനത്ത് കണ്ടതും.
Content highlight: Hardik Pandya's bad captaincy cost Mumbai Indians a loss against Rajasthan Royals