ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിനായി ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് കളത്തിൽ. ഈ സീസണിൽ സിഎസ്കെയിൽ സൈൻ ചെയ്ത സഞ്ജു സാംസൺ ചെന്നൈയുടെ മഞ്ഞ കുപ്പായത്തിൽ കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസാണ് എതിരാളികൾ. ചെന്നൈ വിട്ട് രാജസ്ഥാനിൽ സൈൻ ചെയ്ത രവീന്ദ്ര ജഡേജ സഞ്ജുവിനെ പോലെ തന്റെ മുൻ ടീമിനെതിരെ കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. രാത്രി 7:30-ന് ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിലാണ് പോരാട്ടം അരങ്ങേറുന്നത്. എന്നാൽ, കനത്ത മഴ പെയ്യുന്നത് മത്സരത്തിന് തിരിച്ചടിയാണ്.
പരിക്ക് പറ്റി എംഎസ് ധോണി കളത്തിന് പുറത്തായതോടെ സഞ്ജുവിന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നത് മാത്രമല്ല, വിക്കറ്റ് കീപ്പറുടെ റോൾ കൂടി ചെയ്യേണ്ടിവരും. അതുകൊണ്ട് തന്നെ എല്ലാ കണ്ണുകളും സഞ്ജുവിലേക്കായിരിക്കുമെന്നതിൽ സംശയമില്ല. നായകൻ റുതുരാജ് ഗെയ്ക്വാദ് ആയിരിക്കും സഞ്ജുവിന്റെ സഹഓപണർ. സർഫ്രാസ് ഖാൻ, ആയുഷ് മാത്രെ, ഡെവാൾഡ് ബ്രെവിസ് എന്നിവരാണ് സിഎസ്കെ സ്ക്വാഡിലെ പ്രധാന ബാറ്റർമാർ. ടി20 ലോകകപ്പിൽ തകർത്താടിയ ശിവം ദുബെ ഐപിഎല്ലിലും ടീമിന് കരുത്ത് തന്നെയായിരിക്കും.
സഞ്ജു ചെന്നൈയിലേക്ക് കൂടുമാറിയതോടെ നായകകസേര റയാൻ പരാഗിനാണ് ലഭിച്ചത്. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ രാജസ്ഥാൻ തങ്ങളുടെയും ആദ്യ പോരാട്ടത്തിന് ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും ആ കൗമാര വെടിക്കെട്ട് ബാറ്റർ വൈഭവ് സൂര്യവംശിയിലേക്കായിരിക്കും. താരത്തിന്റെ പരിശീലന സെഷനിലെ പ്രകടനവും, പരിചയസമ്പന്നരായ താരങ്ങളെ അടിച്ച് പറത്തുന്നതും എല്ലാം വാർത്തയായിരുന്നു. ഇന്നിംഗ്സ് തുറക്കാൻ യശസ്വി ജയ്സ്വാളും ഉണ്ട്. വമ്പൻ ട്രേഡിങ്ങിലൂടെ ചെന്നൈയിൽ നിന്ന് ആർആറിൽ എത്തിയ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ, വിൻഡീസ് ഫിനിഷർ ഷിംറോൺ ഹെറ്റ്മെയർ എന്നിവരെല്ലാം ആർആർ സ്ക്വാഡിൽ സജ്ജമാണ്. പരിക്കേറ്റ് പുറത്തയ ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറണിന് പകരക്കാരനായി ലങ്കൻ താരം ദാസുൻ ഷാനകയും ടീമിനോടൊപ്പം ചേർന്നിട്ടുണ്ട്.
Content highlight: Chennai Super Kings vs Rajasthan Royals clash in IPL today